പതിവില്ലാത്തൊരു സ്വപ്നത്തിന്റെ പടിവാതിൽക്കൽ നിന്നു തെന്നി വീണത് പോലെയാണ് ഞാൻ ഇന്നുണർന്നത്.
സ്വപ്നത്തിൽ, നമ്മളൊരു ദീർഘ യാത്രയുടെ അവസാന ഘട്ടത്തിൽ എത്തിയിരുന്നു.
മേഘങ്ങൾ തൊട്ടു നിൽക്കുന്നൊരു താഴ്‌വരയിൽ വിരലുകൾ കോർത്തു നാം ഒരുപാട് ദൂരം നടന്നു.
ഇടക്കെപ്പോഴോ നീയെന്റെ മടിയിൽ അല്പനേരം തലവച്ചു കിടന്നു.
അപ്പോൾ ഊർന്നു വീണ ഒരു മഞ്ഞു തുള്ളിയുടെ തണുപ്പ് കൊണ്ട് ഞാൻ നിന്നെ ശല്യപ്പെടുത്തി കൊണ്ടിരുന്നു.
നമുക്ക് ചുറ്റും വഴികൾ അവസാനിക്കാതെ നീണ്ടു നീണ്ടു കിടന്നു.
വിശപ്പോ ദാഹമോ അറിയാതെ നാം പരസ്പരം നിറഞ്ഞു കവിഞ്ഞൊഴുകുന്നത് പോലെയാണ് ഞാൻ എന്റെ സ്വപ്‍നത്തിൽ നമ്മളെ കണ്ടത്.
ഇടക്കൊരു അരുവിയുടെ തീരത്ത് നമ്മൾ ചേർന്നു നിന്നു.
മറുകര കാണാത്ത വിധം മഞ്ഞു മൂടി കിടന്നു.
ചെറുതായി വീശിയൊരു കാറ്റിൽ മഞ്ഞ് മാഞ്ഞപ്പോൾ നമ്മൾ ഇരുകരയിൽ നിൽക്കുന്നു.
അടുത്തേക്ക് എത്താൻ വഴി ഇല്ലാതെ നമ്മൾ വെറുതെ പരസ്പരം നോക്കി നിന്നു.
നിന്റെ നോട്ടമേറ്റ് നിന്നങ്ങനെ ഞാൻ പതിയെ മാഞ്ഞു പോയി..!!
Comments
Post a Comment