ചില രാത്രിയുടെ അവസാനം ഞാൻ നിന്നെ അറിയാറുണ്ട്.
ഓർമകളാണെന്ന് പറയാമോ എന്ന് എനിക്കറിയില്ല.
പക്ഷെ, അതെന്നെ ചിലപ്പോൾ വല്ലാതെ തകർത്തു കളയും.
ഒരിക്കലും നീയില്ലായ്മയുടെ വേദന കൊണ്ടല്ല ഞാൻ അങ്ങനെ തകർന്നു പോകുന്നത്.
ഇതു പോലെ പ്രണയിക്കപ്പെടാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം.
പക്ഷെ, എന്റെ മുറ്റത്തെ നാം നട്ടു വളർത്തിയ ഉദ്യാനത്തിന്റെ നടുക്ക് നിന്നോട് ചേർന്നു കിടന്നപ്പോഴൊക്കെ ഇതായിരുന്നു ഞാൻ കാലങ്ങളായി കാത്തിരുന്ന നിമിഷം എന്ന് എനിക്ക് തോന്നിയിരുന്നു.
നിന്റെ കൈകളുടെ ഭാരത്തിനുള്ളിൽ പൊതിഞ്ഞു കിടക്കുമ്പോൾ നമ്മുടെ പാദങ്ങൾ തമ്മിൽ ഒട്ടിച്ചേർന്നിരുന്നു.
നിന്റെ കാൽവിരലുകൾ എന്റെ വിരലുകളിൽ നീ ഇടക്കിടക്ക് കോർത്തു വലിച്ചു.
ഞാൻ ഇക്കിളിപ്പെട്ട് ചിരിക്കുമ്പോഴൊക്കെ എന്റെ ചുണ്ടുകൾ ചുംബനത്താൽ നീ പൂട്ടി വച്ചു.
അനന്ദമെന്നാൽ ആ നിമിഷങ്ങളാണെന്ന് അപ്പോഴെല്ലാം ഞാൻ ഓർക്കുന്നുണ്ടായിരുന്നു.
മറ്റൊന്നുമില്ല..
മറ്റാരുമില്ല..
വിലമതിക്കാനാവത്തത് എന്നൊന്നും ഇല്ല..
ഞാനും നീയും മാത്രം.
മുറ്റത്തെ ഗാഢമായ ഇരുട്ടിലും ,
മുറിയിലെ നിശ്ശബ്ദതയിലും,
നാം മാത്രം നിറയുന്ന നേരങ്ങൾ.
നീയാണെന്റെ വീട്.
എന്നിലേക്ക് മാത്രം തുറക്കുന്ന വാതിലുകളും ജനാലകളും ഉള്ള
എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്ന നീയെന്ന വീട്.
എന്റെ തണലും നിലാവും നിറയുന്നയിടം.
എന്നിൽ നീ നിറയാത്തതായി എന്തുണ്ട് വേറെ.
എനിക്ക് വേണ്ടി പ്രത്യേകമായി ഒരുക്കി വയ്ക്കാത്ത നിന്റെയോരോ വാക്കുകൾ,
എന്റെ തൊലിപ്പുറങ്ങളിലെ നിന്റെ ഓരോ സ്പര്ശനങ്ങൾ,
എന്തിനെന്നറിയാതെ ഉള്ള എന്റെ സംശയങ്ങളിലേക്ക് തുളഞ്ഞു കയറുന്ന നിന്റെ സൗമ്യവും എന്നാൽ ഗൗരവമായതുമായ നോട്ടങ്ങൾ,
എല്ലാം എന്റെ നിലനിൽപ്പിന്റെ ബലമേറിയ അടിത്തറയാണ്.
എത്രയോ കാലങ്ങൾ ഗതി കിട്ടാതെ അലഞ്ഞു നടന്ന എന്റെ ഭൂതകാല പുറമ്പോക്കുകളിൽ
ഇനി തിരികെ പ്രവേശനമില്ല എന്നെഴുതി ഒട്ടിച്ച് ,
അതിൽ നിന്നെന്നെ ഇറക്കി വിട്ടത് മുതൽ ചേർന്നു നിൽക്കാൻ നിന്റെ ദേഹത്തിന്റെ ഇളംചൂട് അല്ലാതെ മറ്റൊന്നും എനിക്ക് സ്വന്തമായിട്ടില്ലായിരുന്നു.
അപ്പോഴൊക്കെയും നീ നിശ്ശബ്ദനുമായിരുന്നു.
ചോദ്യങ്ങളില്ല..ഉത്തരവും..!!
അപ്രതീക്ഷിതമായി ഉണരുന്ന രാത്രികളിൽ ഇത്രമേൽ പ്രണയിക്കപ്പെടാനുള്ള കാരണം ചോദിച്ചെന്റെ ഹൃദയം കിതച്ചു കൊണ്ടിരുന്നു.
ഉറക്കത്തിൽ നിന്നുണരുമ്പോൾ തീരുന്ന സ്വപ്നമാകാതിരുന്നെങ്കിൽ നീ എന്ന് ഞാൻ പ്രാർഥിക്കാറുണ്ട്..!!
തണലാവുന്നവർ...❤️❤️
ReplyDelete