Skip to main content

Posts

Showing posts from 2019

അവരിടങ്ങൾ 8

പെയ്തു തീരില്ല എന്നു തോന്നും വിധം മഴ ശക്തിയാർജിച്ചു കൊണ്ടിരിക്കുന്നു. മുന്നിൽ റോഡും മരങ്ങളും നിഴൽ രൂപങ്ങളായി കാണാൻ കഴിയുന്നുണ്ട്. കാറിന്റെ മുന്നിലെ ചില്ലിലൂടെ ഒഴുകിയിറങ്ങുന്ന മഴയിൽ നോക്കി അവൾ നിശ്ശബ്ദമായിരുന്നു. അരികിൽ, ഡ്രൈവിംഗ് സീറ്റിൽ , അവനും. വളരെ നേരമായി സംസാരിച്ചിരുന്ന പല കാര്യങ്ങളിൽ നിന്നെന്തൊക്കെയോ ഓർത്തെടുക്കുന്നത് പോലെ ഇരുവരും നിശബ്ദരായി തുടർന്നു..അവൻ ഇടയ്ക്ക് തല ചെരിച്ചവളെ നോക്കിയെങ്കിലും വിദൂരതയിലേക്ക് നോക്കി സ്വയം മറന്നപോലെയിരിക്കുന്ന അവളെ ശല്യപ്പെടുത്തിയില്ല.കുറച്ചു നിമിഷങ്ങൾ കൂടി അങ്ങനെ ഇരുന്നതിനു ശേഷം അവൾ അവനെ നോക്കി. അവനും അവളെ നോക്കി ഒന്നു ചിരിച്ചു. ആ ചിരിയിലൊരു ബലമില്ലായ്മ അവൾക്ക് അനുഭവപ്പെട്ടു.. "അപ്പോൾ കല്യാണം ഇനി ഉടനെ ഉണ്ടാകുമല്ലേ" അവൾ നിശബ്ദത മുറിച്ചു. അവൻ മുന്നിലെ മഴയിലേക്ക് നോട്ടം മാറ്റി. " മിക്കവാറും ഉണ്ടാകും. എല്ലാവർക്കും ഇഷ്ടമായി. എല്ലാം കൊണ്ടും നല്ലതാണെന്ന് പറയുന്നു. അങ്ങനെ ആണെങ്കിൽ വരുന്ന ഡിസംബറിൽ കല്യാണം" . മുഖത്തേക്ക്  ചിതറി വീണ മുടിയിഴകൾ അവൻ ഇടംകൈ കൊണ്ട് ഒതുക്കി വയ്ക്കുന്നത് അവൾ വെറുതെ നോക്കിയിരുന്നു. "അപ്പോൾ താങ്കൾ...

അവരിടങ്ങൾ 7

ചിന്തകളിൽ അഴിഞ്ഞു വീണത് പോലെ, തന്റെ വലം കൈയിൽ തല ചേർത്തു കിടക്കുന്ന അവളുടെ മുഖത്തേക്ക് അയാൾ ആർദ്രമായി നോക്കി. അവളുടെ, നനവുണ്ടെന്നു തോന്നിക്കുന്ന മിഴികളിൽ താൻ അലിഞ്ഞില്ലാതാകുന്നൊരു വേദന,  അയാൾക്കു തന്റെ അടിവയറ്റിൽ അനുഭവപ്പെട്ടു..അവൾ പതിയെ മുഖമുയർത്തി അയാളെ നോക്കി. എന്ത് പറ്റി എന്നർത്ഥത്തിൽ തല ചലിപ്പിച്ചു. അയാൾ ദീർഘമായി നിശ്വസിച്ചു കൊണ്ട് അവളെ തന്റെ ശരീരത്തേക്ക്  ചേർത്ത് പിടിച്ചു ഇടം കൈയിൽ സ്വന്തം ശിരസ്സുയർത്തി വച്ചു. അവൾ വീണ്ടും അയാളെ നോക്കി. അയാളുടെ നോട്ടം തങ്ങൾക്കു മേലെ, കറങ്ങുന്ന ഫാനിലായിരുന്നു.. " ഞാൻ പറയട്ടെ, എന്താണ് ആലോചിക്കുന്നതെന്ന്? ! അവൾ ചോദിച്ചു. "വേണ്ട ". അയാൾ ഫാനിൽ നിന്നുള്ള നോട്ടം മാറ്റിയില്ല. അവൾ തലയുയർത്തി ചോദ്യഭാവത്തിൽ അയാളെ നോക്കി.. "ഞാൻ ആലോചിക്കുന്നത് എന്താണെന്ന് നീ പറയുമെന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് " അയാൾ പുഞ്ചിരിയോടെ അവളെ നോക്കി. അത്ര, ഉറപ്പാണോ? ! "അങ്ങനെ തോന്നുന്നു" എന്ത്? ! വിശ്വസിക്കാൻ !! അവൾ അൽപനേരം നിശബ്ദയായി. "പക്ഷെ.... "അവൾ പറയാൻ തുടങ്ങിയതിനെ തടഞ്ഞു കൊണ്ട് അയാൾ തന്റെ ചൂണ്ടു വിരൽ അവളുടെ ചു...

മറ്റൊരു കാലത്തേക്ക്

മഴ പോലെയൊന്ന് അപ്പോൾ പെയ്യുന്നുണ്ടായിരുന്നു !! പുറത്തും, നമുക്കുള്ളിലും. ഇടയ്ക്കിടെ നിന്റെ നോട്ടങ്ങളിൽ എന്നോ ഒരു മഞ്ഞുകാലത്തേക്ക് കൂടിയുള്ള ക്ഷണം ഉണ്ടായിരുന്നു. പലപ്പോഴും വെറുതെ പറഞ്ഞ് പറഞ്ഞ്, മലമുകളിൽ ഒരു മുന്തിരിക്കാലം കൂടി പൂ പൊടിഞ്ഞു തുടങ്ങിയിരുന്നു.. നീയെനിക്കൊരു വിരൽദൂരം മാത്രമാണെന്നും, ഇനിയെത്ര ദൂരവും താണ്ടാനുള്ള വേഗം നാമിരുവർക്കുമുണ്ടെന്നും, മുനിഞ്ഞു കത്തിയ മൗനത്തിലും നാം പരസ്പരം കൈമാറിയ ഉറപ്പാണ്... !! അതുകൊണ്ട് തന്നെ, എനിക്കറിയാത്ത ഏതോ കാരണങ്ങളാൽ നീ പെയ്തതൊക്കെയും എന്റെ മണ്ണിൽ മാത്രമാണ്... ! ഓരോ പെയ്ത്തിലും തളിർത്തതൊക്കെയും നീയെന്ന ഓർമ്മ മാത്രമാണ്.. വേദനയല്ല...ഓർമ്മ... !! ഓർമ്മ മാത്രമാണ് നീ എനിക്ക്.. എന്നേക്കാൾ അധികമായി എന്റെ ഉള്ളിൽ നിറയുന്നതും അത് മാത്രമാണ്.. ! ഒരിക്കൽ കൂടി ഞാൻ വരും.. നാം എന്ന ഇരുകരകൾക്കിടയിൽ ഒരു വഴി തിരയാൻ.. അന്ന്, നീ എന്ന കാലത്തിനൊപ്പം ഏറെ ദൂരം ഞാൻ ഒരു യാത്ര പോകും. നമ്മൾ പറഞ്ഞ് പറഞ്ഞ്, മലമുകളിൽ ഒരു മുന്തിരിക്കാലം കൂടി പൂ പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു.. !!

അവരിടങ്ങൾ 6

പിങ്ക് നിറത്തിൽ ഒറ്റവര തെളിഞ്ഞു നിൽക്കുന്ന ആ ഉപകരണത്തിൽ നോക്കി അവൾ ചിരിച്ചു. അവൾക്കെതിരെ,  കസേരയിൽ ഫോണിൽ നോക്കിയിരുന്ന അവൻ കണ്ണുകളുയർത്തി അവളെ നോക്കി. "ഉം? !! "നെഗറ്റീവ് " " ഉം " പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ അവൻ ഫോണിലേക്ക് തന്നെ നോക്കി.അവൾ അരികിലിരുന്ന ഗ്ലാസിലെ വെള്ളമെടുത്തു കുടിച്ചു കൊണ്ട് അവനെ അൽപനേരം നോക്കിയിരുന്നിട്ട്, ചോദിച്ചു. "സമാധാനമായില്ലേ? !! "എനിക്കെന്ത് സമാധാനക്കേട്‌. നിനക്കല്ലായിരുന്നോ ഇങ്ങെത്തുന്നത് വരെ ടെൻഷൻ " അവൻ ഫോണിൽ നിന്ന് മുഖമുയർത്തിയില്ല. അവൾ മറുപടി പറഞ്ഞില്ല.  എന്തോ ആലോചനയിൽ മുഴുകിയിരിക്കുന്ന അവളെ അവനിടക്ക് അലസമായി മുഖമുയർത്തി നോക്കി. അൽപനേരം അങ്ങനെ ഇരുന്നിട്ട് അവളൊരു നിശ്വാസത്തോടെ അവനെ നോക്കി. "ഇപ്പോഴൊരു കൊച്ചിന്റെ തന്തയാകാൻ അത്ര ആവേശമുണ്ടോ? ! അവൻ മുഖമുയർത്തി നീരസത്തോടെ അവളെ നോക്കി. "അതെന്താ, നിന്റെ കൊച്ചിന്റെ തന്തയാകാനുള്ള യോഗ്യത എനിക്കില്ലേ? !" അവൾ ചുണ്ടുകളമർത്തി അവനെ നോക്കി. അവൻ തുടർന്നു " നീയല്ലേ പ്രസവിക്കാൻ സാധ്യമല്ല എന്നുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്.  എനിക്കെന്താ പ...

അവരിടങ്ങൾ 5

"പിരിഞ്ഞു കഴിഞ്ഞപ്പോൾ ആണ് കൂടെ ഉണ്ടായിരുന്ന നിമിഷങ്ങൾ എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്നത് വേദനയായി തുടങ്ങിയത്..." !! പറഞ്ഞു വന്നത് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ കഴിഞ്ഞു പോയൊരു കാലത്തിന്റെ ഓർമ്മകൾ, അവന്റെ മിഴികളെ നനയ്ക്കുന്നത് അവൾ കണ്ടു കൊണ്ടിരുന്നു. ശാന്തമായി തുടർന്നിരുന്നോരു കടൽ, അപ്രതീക്ഷിതമായി തിരയിളകിയത് പോലെയെന്നവൾക്ക് തോന്നി. നോട്ടം മറയ്ക്കാൻ എന്നോണം അവൻ മൊബൈൽ എടുത്ത് വെറുതെ അതിൽ പരതിക്കൊണ്ടിരുന്നു. അവന്റെ മുഖത്തു നിന്ന് കണ്ണെടുത്ത് അവൾ ഇരുണ്ടു വരുന്ന ആകാശത്തേക്ക് നോക്കി. "മഴ പെയ്യുമെന്നു തോന്നുന്നു.. " ഉം? !! അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി അവൾ ചിരിച്ചു കൊണ്ട് വീണ്ടും പറഞ്ഞു "മഴ പെയ്യുമെന്നു തോന്നുന്നു.. മഴക്കാറ്.. ! അവൾ പറഞ്ഞത് ശ്രദ്ധിക്കാത്ത മട്ടിൽ അവൻ പറഞ്ഞു, "അതുകൊണ്ട് തന്നെ എനിക്കറിയാം, ജീവിതത്തിൽ ആരൊക്കെ, ഏതൊക്കെ സമയത്ത് ഒപ്പം കാണുമെന്ന്. "അവൻ  അർത്ഥഗർഭമായി അവളെ നോക്കി. അവൾ മിണ്ടിയില്ല.  അവൻ തുടർന്നു. "അങ്ങനെ എപ്പോഴെങ്കിലുമൊക്കെയായിട്ടാണെങ്കിലും,  കൂടെ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നൊരുത്തി ആണ് എന്റെ മുന്നിൽ ഇപ്പോൾ ഇരിക...

ഒറ്റ

ഒറ്റയെന്നൊരു കാടാണ്.. പച്ച പൂത്ത താഴ്‌വാരങ്ങൾ, തണുപ്പുറയുന്ന മലഞ്ചെരിവുകൾ, സ്വയം എന്നൊഴുകി അലയുന്ന ഒരേ ജലപാതകളും.. ! മഞ്ഞയെന്നും ചുവപ്പെന്നും മാറി മാറി ഉതിരുന്ന വെയിൽ, പക്ഷെ ചിലപ്പോഴൊക്കെ പച്ച തെളിഞ്ഞു പൂക്കും.. കാടെന്നല്ല, ഒറ്റയെന്നു നിശബ്ദമായി..

അവരിടങ്ങൾ 4

ഓഫീസിൽ നിന്നിറങ്ങിയ വൈകുന്നേരം, മൊബൈലിൽ ആ മെസേജ് അവനെ തേടി എത്തിയതു  മുതൽ തുടങ്ങിയ ആളിക്കത്തലിൽ ആണവൻ.. ഒരിടത്തു നിൽക്കാനോ ഇരിക്കാനോ വയ്യാത്ത വിധം ആകാംക്ഷ കൊണ്ടു നീറിപുകയുന്ന അവസ്ഥ. തനിക്ക് എന്താണിങ്ങനെ എന്നാലോചിച്ചിട്ടു അവനൊരു ഉത്തരം കിട്ടിയതുമില്ല.. അവൻ വീണ്ടും മൊബൈൽ എടുത്ത് ആ മെസ്സേജ് ഒന്നുകൂടി വായിച്ചു. "ഇന്ന് രാത്രി ഞാൻ നിന്റെ നഗരത്തിൽ ഉണ്ടാകും,മറ്റൊരു യാത്രയുടെ ഇടവേളയിൽ, ഒരു രണ്ടു മണിക്കൂർ നേരം. കഴിയുമെങ്കിൽ കാണുക. സംസാരിക്കാം.. " കാലങ്ങളായി അവൻ ആഗ്രഹിച്ചു കൊണ്ടിരുന്ന പ്രതികരണം. അപ്രതീക്ഷിതമായി ഇതാ വന്നെത്തിയിരിക്കുന്നു . പക്ഷെ, തിരിച്ചറിയാനാവാത്ത വികാരങ്ങാളാൽ താൻ അധൈര്യനായി പോകുന്നു എന്ന് അവൻ സംശയിച്ചു. അവൾ, മൂന്നു വർഷം മുൻപ് തുടങ്ങിയ പരിചയം. ഫെസ്ബുക് സൗഹൃദങ്ങളിലേക്ക് എഴുത്തുകാരും കവികളും കൂടുതലായി ചേക്കേറി തുടങ്ങിയ കാലത്ത് അവിചാരിതമായി കണ്ട ഒരു മുഖം..പരസ്പരം, സൗഹൃദ കൂട്ടങ്ങളിൽ ഒരാളായി പിന്നെയും കുറെ കാലം. അവളുടെ എഴുത്തിനോട് ഇടക്കൊക്കെ തോന്നിയ പ്രണയം പതിയെ അവളോടും..! സംസാരിച്ചു തുടങ്ങിയപ്പോൾ പ്രണയം കത്തിപടർന്നു. പക്ഷെ ഒരിക്കൽ പോലും ഔപചാരികമായ സൗഹൃദത്തിന്റെ വരമ്...

നാം നടന്ന വഴികൾ

നടന്നു കയറിയ വഴികളിലിക്കെയും ചുവപ്പോ നീലയോ കലർന്ന പൂക്കൾ ഇടക്കൊക്കെയും തെളിഞ്ഞു മറഞ്ഞു.. !! വിയർത്ത നിശ്വാസങ്ങളിലൊക്കെ പേരറിയാത്ത ഗന്ധം കലർന്നിരുന്നു.. !! തളർന്ന നിമിഷങ്ങളിലൊക്കെ കൈകളിൽ മുഖമർത്തി ഒരേ ആകാശം കണ്ടു..!! നിലാവ് പൂത്തിറങ്ങുന്നതും, നിശാഗന്ധികൾക്കുറക്കം നഷ്ടപ്പെടുന്നതും കണ്ടുകൊണ്ടേയിരുന്നു.. !! വേരുപടർന്ന വഴികളിലൊക്കെയും തടയാതെ, ഇടറാതെ, കൈകോർത്ത്, ഒഴുക്കിന്റെ വേഗമായി, താളമായി, പിന്നെയും മുന്നോട്ട്... !! മഴ കൊണ്ട്, വെയിൽ കൊണ്ട്, മഞ്ഞിന്റെ കുളിർ കൊണ്ട് ഏകാന്തകാലങ്ങൾ  പലതങ്ങു മറഞ്ഞു... !! മൗനം പറഞ്ഞ കഥ കേട്ടു പല കാലം, ചിരി മാത്രം പങ്കിട്ടു, നീയെന്നും ഞാനെന്നും ഓർമകളിൽ ഉയിർ കൊണ്ടു.. !!

നമ്മുടെ കുട്ടികൾ

പ്ലസ്ടുപഠനകാലത്തെ ആ മലയാളം ക്ലാസ്സിൽ ബഷീറിന്റെ 'ബാല്യകാലസഖി' ആണ് ടീച്ചർ പഠിപ്പിച്ചു കൊണ്ടിരുന്നത്. പുസ്തകം കൈയിൽ കിട്ടിയ അന്ന് മുതൽ വായിച്ചു വായിച്ചു കാണാപ്പാഠം ആണെങ്കിലും ക്ലാസിൽ ടീച്ചർ പഠിപ്പിക്കുന്നത് ഒരു ആകാംക്ഷയോടെ കേട്ടിരിക്കും. മജീദിന്റെയും സുഹ്റയുടെയും സൗഹൃദവും പ്രണയവും ജീവിതവുമൊക്കെ മുന്നിലൊരു നാടകം കാണുന്ന പോലെ സങ്കൽപ്പിക്കും. ! അങ്ങനെ, സുഹറയും മജീദും ബാല്യചാപല്യങ്ങളിൽ നിന്ന് കൗമാരകൗതുകങ്ങളുടെ തീരത്തേക്ക് നടന്നടുക്കുകയാണ്. അന്നത്തെ ക്ലാസ്സിൽ അവർ തമ്മിലുള്ള പ്രണയത്തിന്റെ കൂടുതൽ ഇഴുകിച്ചേരലിലേക്ക് എത്തിച്ചേരും.. !! ടീച്ചർ ക്ലാസ്സിൽ എത്തി. ധൃതിയിൽ ബുക്കെടുത്തു. സാധാരണ ഓരോരുത്തരെയും കൊണ്ട് വായിപ്പിച്ചിട്ട് വിശദീകരിക്കുന്ന രീതിയാണ്. അന്ന് പതിവില്ലാതെ നേരെ വിശദീകരണത്തിലേക്ക് കടന്നു. ഏകദേശം അതിങ്ങനെ ആയിരുന്നു "അങ്ങനെ സുഹറയും മജീദും ബാല്യകാലം കഴിഞ്ഞു കൗമാരത്തിലേക്ക് കടന്നു. ഇനി അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല മാറ്റങ്ങളും ഒക്കെയാണ് ഈ അദ്ധ്യായം. അത് നിങ്ങൾ തനിയെ വായിച്ചു നോക്കിയാൽ മതി. അടുത്ത അദ്ധ്യായം നോക്കൂ.. "🙄🙄 ആർക്കും പ്രത്യേകിച്ചൊന്നും തോന്നിയില്ല, ഒരു നി...

അവരിടങ്ങൾ 3

അവനൊപ്പം അവളിരുന്നു. ആദ്യമായി, അവിചാരിതമായി.. !! മലമുകളിലൊരസ്തമയം.. !!അവളുടെ സ്വരത്തിൽ ആശ്ചര്യത്തിനൊപ്പം ഒരു ശാന്തത നിറഞ്ഞു.. ചെറുതായി വീശുന്ന കാറ്റിന്റെ നനുത്ത ഇരമ്പലും അതുത്തെവിടെയോ അമ്പലത്തിൽ നിന്നുള്ള പ്രാർത്ഥനയും മാത്രം അവർക്കിടയിൽ ശബ്ദങ്ങളായി.. അവനൊന്നും മിണ്ടാതെ, ദൂരെ മരങ്ങൾക്കിടയിലേക്ക് മറയുന്ന സൂര്യനെ നോക്കിയിരുന്നു, ആകാശത്ത് ചുവന്ന നിറത്തിൽ ചുരുൾ നിവരുന്ന മേഘരൂപങ്ങളിൽ തമോഗർത്തങ്ങളെ സങ്കല്പിച്ചു, അസ്തമയത്തിനൊപ്പം ചേക്കേറാൻ പറന്നകലുന്ന പക്ഷികളെ നോക്കി വെറുതെ വ്യാകുലപ്പെട്ടു "പണ്ട് കണ്ടിരുന്ന തുമ്പികളും ശലഭങ്ങളും ഒന്നുമിപ്പോൾ കാണാനില്ല.. !! അവർക്കു പുറകിലെ ചെറിയ തറയിൽ എന്നോ ആരോ കൊളുത്തിയ തിരിയുടെ കരിയുണങ്ങി പിടിച്ചിരുന്നു.. അവൾ തറയുടെ ചുവരിൽ ചാരി അവനെ നോക്കി.. മറ്റേതോ ലോകത്തിലെന്നവണ്ണം ഇരിക്കുന്ന അവന്റെ മുഖത്തിന്റെ ഒരു വശം അവൾക്കിപ്പോൾ കാണാം..മലകയറിയതിന്റെ വിയർപ്പ് മുഖത്ത് തിളങ്ങുന്നു.. !!! അവൻ പതിയെ തോളിനു മുകളിലൂടെ തല ചെരിച്ചു അവളെ നോക്കി.... അവന്റെ കണ്ണിൽ നോക്കേണ്ടിയിരുന്ന അവസരങ്ങളിലൊക്കെ അവൾ അകാരണമായി ചിരിച്ചു...!! അന്തരീക്ഷം പതിയെ തണുത്തു തുടങ്ങുന്നത് അവളറ...

അവരിടങ്ങൾ 2

എത്രയെത്ര പൂക്കളാണ് നീയെന്നിൽ വിരിയിക്കുന്നത് !!! അവനൊരു കവിത ചൊല്ലുന്നത് പോലെ പറഞ്ഞിട്ട് അവളെ നോക്കി.. അവൾ ചിരിച്ചു..കടൽക്കാറ്റിൽ അവളുടെ മുടിയിഴകൾ പാറി... അതിലൊന്ന് പോലും വാടരുത്.. കൊഴിയരുത്.. ഞാനില്ലെങ്കിലും.. !! പ്രണയമുണ്ടെങ്കിൽ.. ! അതുണ്ടാകും.. ഉണ്ടാവണം.. സ്വയം നഷ്ടപ്പെടുത്തിയിട്ടാവരുതെന്ന് മാത്രം.. !! സ്വയം നഷ്ടപ്പെടുത്തിയില്ലെങ്കിൽ ഞാനെങ്ങനെ പ്രണയം കണ്ടെത്തും? !! അവൻ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി... പ്രണയത്തിൽ നിനക്ക് സ്വയം നഷ്ടപ്പെടാം.. വ്യക്തിയിൽ നഷ്ടപ്പെടരുത്. അത് ആത്മഹത്യക്കു തുല്യമാണ്.. !! നിന്നിൽ ഞാൻ നഷ്ടപ്പെടില്ലെന്നുറപ്പ്? !! എന്നിൽ?? ! അവൾ അവന്റെ മിഴികളിലേക്ക് നോട്ടമുറപ്പിച്ചു.. അവൻ തന്റെ കാലിൽ വന്നു തൊടുന്ന തിരകളിലേക്ക് നോട്ടം മാറ്റി.. ആരിലും.. !! അവർക്കിടയിൽ മൗനം വന്നു നിറഞ്ഞു.. ഇനിയും അറിയണോ അത് ആരെന്ന്?? ! അവന്റെ സ്വരം തങ്ങി നിന്ന മൗനത്തെ മുറിച്ചു.. അവൾ മിണ്ടിയില്ല.. ! അറിഞ്ഞു കൊണ്ട് നീ എന്തിന് വീണ്ടും വീണ്ടും ചോദിക്കുന്നു എന്റെ ഉള്ളിലെ 'അവൾ ' ആരെന്ന്? !! അവൾ ഇരുകൈകളും മാറിൽ കെട്ടി, അവനെ നോക്കി ആത്മവിശ്വാസത്തോടെ ചിരിച്ചു....

അവരിടങ്ങൾ 1

എനിക്കിപ്പോൾ അത് അനുഭവിക്കാൻ പറ്റുന്നുണ്ട്.. !! അവൻ സൗമ്യമായി ചിരിച്ചു കൊണ്ട് അവളെ നോക്കി.. എന്ത്?? ! സ്നേഹം !! എങ്ങനെ? !! ഞാനിപ്പോൾ അനുഭവിക്കുന്ന സ്നേഹം എന്താണോ, അതെനിക്ക് നീയാണ്.. !! എന്താണുറപ്പ്? ! ഞാൻ അങ്ങനെ വിശ്വസിക്കുന്നു.. !! അതൊരു നുണ ആണെങ്കിലോ? ! നീ എങ്ങനെ ആണ് സ്നേഹം തിരിച്ചറിയുന്നത്? ! ആലോചിട്ടില്ല? !! അവൾ പെട്ടെന്നുത്തരം പറഞ്ഞു... പക്ഷെ ഞാൻ ആലോചിട്ടുണ്ട്.. !! ഉം? !! നേരത്തെ എനിക്കത് ആഗ്രഹങ്ങൾ ആയിരുന്നു..ആഗ്രഹിക്കുന്നത്, ആഗ്രഹിക്കുന്ന ആളിൽ നിന്നു കിട്ടണം എന്ന വാശി കൂടിയായിരുന്നു.. !! ഇപ്പോഴോ? !! ചിലപ്പോൾ, എനിക്കതൊരു വാക്കാണ്... !! ചിലപ്പോൾ, ഒരു നോട്ടമാണ്.. !! ചിലപ്പോൾ, ഒരു ചിരിയാണ്.. !! ചിലപ്പോൾ എന്നെ വന്നു മൂടുന്ന മൗനമാണ്..!! ഞാനറിയാതെ തന്നെ എന്നെ അറിയുന്ന ഒരു മനസാണ്.!! ശരിയാണോ എന്നറിയില്ല. പക്ഷെ, എനിക്കങ്ങനെ ആണ്.. !! അവൾ പുഞ്ചിരിച്ചു !!

നാം ഈ നേരത്ത്

ഉരുകിയുറക്കുന്ന നേരങ്ങളിൽ .. ജനാലപുറത്തേക്ക് പായുന്ന ഓർമകളിൽ.. വെറുതെ തോന്നുന്ന തോന്നലുകളിൽ കണ്ടെത്തപ്പെടുന്ന നിമിഷങ്ങളിൽ, നാം തിരയുന്നതിലെല്ലാം പഴകിയ പോലെയെന്തോ തിളക്കുന്നുണ്ട്. .. ഒരേ കാലങ്ങളിൽ ,പല കാലങ്ങളിൽ കറങ്ങിയൊഴുകി തിരികെ വരുമെന്നു നീ പറഞ്ഞതൊക്കെ നീണ്ടു പോകുന്ന പാതകൾക്കിപ്പുറം പൊടി പിടിച്ചു കിടക്കുന്നുണ്ട്.. ഊതിയൂതി നാം ജ്വലിപ്പിക്കുന്നതൊക്കെയും പതിയെ വിടർന്നു വരുംകാലത്തേക്ക് ഉണർന്നു വരാം വീണ്ടും മറഞ്ഞ മൺപുറ്റിനുള്ളിൽ നിന്ന്.. 

എന്റെ മാത്രം തീരത്ത്

പ്രണയം പൂത്ത നിന്റെ മിഴിക്കോണുകളുടെ നനഞ്ഞ നോട്ടത്തിലാണ് ഞാൻ പിന്നെയും നിറഞ്ഞു പെയ്തത്. നിന്നെ നോക്കി നോക്കി, പെയ്തൊഴിയാതെ എത്ര കാലങ്ങൾ .. ചില നേരങ്ങളിൽ നെഞ്ചിൽ കനക്കുന്ന മൗനങ്ങൾ നിന്റെ വാക്കുകളിൽ കുരുങ്ങി കിടക്കുന്നു.. ചില സ്വപ്നങ്ങളിൽ നിന്റെയൊപ്പം, ചിരിപൂക്കുന്ന നിറസന്ധ്യകളിൽ വിരൽ കോർത്ത് ഏറെദൂരം ഞാൻ പോയിരുന്നു, നീ മാത്രം പൂക്കുന്ന കാഴ്ചകൾക്ക് അവസാനം നമ്മളോരുമിച്ചു  കാണുന്ന കാഴ്ചകളിലാണ് ഞാൻ എന്നെ തിരയുന്നത് ... പറയാതെ പോയ പലതിലും ഞാൻ എന്നെ തന്നെ ആണ് നിനക്ക് തന്നത് ... നിന്റെ ഓർമ മേഞ്ഞ കിനാക്കളിൽ നമുക്ക് വേണ്ടി മാത്രമാണ് ഞാനൊരു കൂടൊരുക്കിയത് .. പറഞ്ഞു പഴകിയ പലതിലും നിനക്ക് -ചിലപ്പോൾ എന്നെ കണ്ടെത്താനാവില്ല .. എന്റെ മാത്രം തീരത്ത് നീ തേടിയെത്തണം, ഒരിക്കലെങ്കിലും.. അപ്പോൾ മാത്രം നാമൊരുമിച്ച ചില്ലകൾക്ക് ഒരു പൂക്കാലം കടം കൊള്ളാം..!!