അവളെത്തുമ്പോൾ അവൻ കടൽതീരത്ത് നിരത്തിയിട്ടിരുന്ന ബെഞ്ചുകളൊന്നിൽ ഏകനായി ഇരിക്കുന്നുണ്ടായിരുന്നു. കാറ്റിൽ പാറുന്ന മുടിയിഴകൾ കാഴ്ച മറക്കുമ്പോൾ, ഇടയ്ക്കിടയ്ക്ക് കൈകൊണ്ട് ഒതുക്കി വയ്ക്കാൻ വൃഥാ ശ്രമിച്ചു കൊണ്ട് അവൻ കടൽത്തിരകളിൽ ആർത്തുവിളിച്ചു ബഹളം വച്ചു കളിക്കുന്ന കുട്ടികളെ നോക്കിയിരുന്നു. അധികം തിരക്കില്ലാത്ത സ്ഥലത്ത് ആണ് അവൻ ഇരിക്കുന്നത്. അവൾ അവനെ വിളിക്കാൻ നിൽക്കാതെ അവന്റെ അടുത്ത് ചെന്നിരുന്നു. അവളുടെ സാന്നിധ്യം അറിഞ്ഞതും അവൻ തല തിരിച്ചു അവളെ നോക്കി. "എപ്പോൾ എത്തി" ? അവൾ ചോദിച്ചു. "കുറച്ചുനേരമായി" അവൻ മറുപടി പറഞ്ഞിട്ട് നിശബ്ദമായി വീണ്ടും കടലിലേക്ക് തന്നെ നോക്കിയിരുന്നു.അവളും ഒന്നും സംസാരിച്ചില്ല. തങ്ങൾക്കിടയിൽ മൗനം കനക്കുന്നത് നീണ്ടു പോകുന്നതിൽ അവൾ ഒരു അസ്വസ്ഥതയോടെ അവനെ നോക്കി. "ഇങ്ങനെ മിണ്ടാതിരിക്കാൻ ആണോ എന്നോട് വരാൻ പറഞ്ഞത്?" അവളുടെ സ്വരത്തിൽ അല്പം ഈർഷ്യ കലർന്നു. അവൻ മുഖം തിരിച്ചു അവളെ നോക്കി. അവന്റെ മുഖത്തെ അലസഭാവം കണ്ട് അവൾ അവനെ അടിമുടി ഒന്നു നോക്കി. "വിവാഹം കഴിഞ്ഞതിന്റെ ഒരു പുതുമോടി ഒന്നും കാണുന്നില്ലല്ലോ" അവൻ അവളുടെ മുഖത്തു നിന്ന് നോട്ടം മാറ...