കരയോട് ചേർന്ന് വള്ളം നിന്നപ്പോൾ അവൾ ബാഗ് എടുത്തു വച്ചിട്ട്, സൂക്ഷിച്ചു കയറി ഇരുന്നു. ബാഗ് നനയാതെ ഒതുക്കി വച്ചു. തണുത്ത കാറ്റടിച്ചപ്പോൾ അവൾക്ക് തണുത്തു, കൈകൾ കൂട്ടി തിരുമ്മികൊണ്ട്ചുറ്റും നോക്കി. മുടി ചെവിക്ക് പുറകിലേക്ക് ഒതുക്കി വച്ചു കൊണ്ട് വള്ളം തുഴയുന്ന ആളെ അവൾ വെറുതെ ഒന്നു നോക്കി. പെട്ടെന്നൊരു അതിശയം അവളുടെ മുഖത്തു വിരിഞ്ഞു. അവൾ അവനെ നോക്കി ചിരിച്ചു. അവൻ തിരിച്ചും. "എന്നെ ഓർക്കുന്നുണ്ടോ"?! അവൾ ചോദിച്ചു. "അത്ര മറവി ഉണ്ടാകാൻ ഉള്ള പ്രായം ആയെന്നു തോന്നിയോ എന്നെ കണ്ടിട്ട്.."?! അവൻ കളിയാക്കി. "എന്നിട്ടാണോ കണ്ടിട്ട് ഒരു പരിചയവും ഇല്ലാത്തത് പോലെ ഇരുന്നത്"?! അവൻ അക്കരക്ക് തുഴഞ്ഞു തുടങ്ങി. കാറ്റിൽ ഇടക്ക് മഴചാറ്റൽ, തുള്ളിയായി വീണു കൊണ്ടിരുന്നു. "വലിയ പഠിത്തവും ജോലിയുമൊക്കെ ഉള്ള ആളല്ലേ.നമ്മളെ കണ്ടാൽ അറിയണം എന്നില്ലല്ലോ.." "ഓഹ്..അത്ര മറവി ഉണ്ടാകാനും മാത്രം ഉള്ള പഠിത്തം ഒന്നും ഞാൻ പഠിച്ചില്ല."അവളുടെ മറുപടി കേട്ട് അവൻ തല ചെരിച്ചു അവളെ ഒന്നു നോക്കി. തുഴ വെള്ളത്തിൽ തട്ടുന്ന സ്വരം ഇടക്കിടക്ക് ഉയർന്നു. "എത്ര ആഴം കാണും"?! അവൾ വെള്ളത്ത...