Skip to main content

Posts

Showing posts from 2017

മഴയോർമ്മകൾ 4 : അമ്മമഴ

ഒരുക്കലും തിരിച്ചു കിട്ടാത്ത വിധം ബാല്യം ഒരു നഷ്ടമായി തീരുന്നത് ജീവിതം പല തിരിച്ചറിയലുകളിലൂടെ കടന്നുപോകുമ്പോഴാണ്. മഴയും മണ്ണും വെയിലും കാവും പുഴയും ചിരിയും കളിയും എല്ലാം ജീവിതത്തിൽ നിന്നെങ്ങോട്ടോ ഒഴുകിപോകുന്നത് നിസ്സഹായമായി നോക്കി നിൽക്കേണ്ടി വരും. നിസ്സഹായമായ അത്തരം നോക്കി നിൽക്കലുകൾക്ക് വേണ്ടി സമയം മുന്നേ തന്നെ കുറി യ്ക്കപ്പെട്ടിട്ടുമുണ്ടാകും, ഓരോരുത്തർക്കും.  മഴയും വെയിലും മാറി മാറി തെളിഞ്ഞ എന്റെ ബാല്യത്തിന് മേൽ കൗമാര സങ്കല്പങ്ങളുടെ പുതിയ ആകാശം, പുതിയ നിറഭേദങ്ങളോടെ വിടരാൻ ആരംഭിച്ച കാലത്താണ് അപ്രതീക്ഷിതമായി, ആ നാടും വീടും വിട്ടെങ്ങോട്ടേക്കോ പോകാനുള്ള അച്ഛന്റെയും അമ്മയുടെയും തീരുമാനം അറിയുന്നത്. അവരതെന്തിന്, എപ്പോൾ ആ തീരുമാനം എടുത്തു എന്ന് ആലോചിച്ചിട്ട് ഒരു ഉത്തരമൊട്ടു കിട്ടിയതുമില്ല. ഒരു നാൾ അറിയുന്നു അച്ഛൻ ജോലി ചെയ്യുന്ന സ്ഥലത്തിനടുത്തേക്ക് താമസം മാറുന്നു എന്ന്.ആ ഗ്രാമത്തിന്റെ അതിര് വിട്ടൊരു വിട്ടൊരു ലോകം അന്നോളം കണ്ടിട്ടില്ലാത്ത എനിക്കതൊരു ആകാംക്ഷ ആയിരുന്നെങ്കിലും വേര് പറിച്ചെടുത്തു എങ്ങോട്ടോ യാത്രയാകാൻ പോകുന്നു എന്ന തിരിച്ചറിവ്  മനസ്സിലെവിടെയോ നോവായി കിടന്നു.അമ്മയെയ...

അജ്ഞാതർ

പുറത്തെ വളരുന്ന ഇരുട്ടും, കനം വെച്ച് തുടങ്ങിയ മഴയും നോക്കിയിരിക്കെ അവരുടെ ഹൃദയം ഭയാശങ്കകളാൽ നനഞ്ഞു കുതിരാൻ തുടങ്ങി. എന്നും രാവിലെ, കോളേജിലേക്ക് പുറപ്പെടുന്ന  മകളോടൊപ്പമാണവർ പട്ടണത്തിൽ ജോലിക്ക് പോകാറുള്ളത്. പട്ടണത്തിലുള്ള കോളേജിൽ മകൾ പഠിക്കാൻ പോയി തുടങ്ങിയിട്ട് ഇത് രണ്ടാം വർഷം. രാവിലെ പത്തുമണി മുതൽ വൈകിട്ട് നാലുമണിയോളം മൂന്നുനാലു വീടുകളിൽ പുറംപണിയും, അടുക്കളജോലിയും ,വൃത്തിയാക്കലും കഴിഞ്ഞ് അന്നന്നത്തെ കൂലിയും വാങ്ങി ആറുമണിയോടെ വീട്ടിലെത്തുമ്പോൾ ആവി പറക്കുന്ന കട്ടൻകാപ്പിയുമായി മകൾ കാത്തിരിക്കും. പിന്നീട് ഒരുമിച്ച് കാപ്പികുടിക്കലും അത്താഴമുണ്ടാക്കലും കഴിഞ്ഞ്, ഇതുവരെ വൈദ്യുതി കിട്ടിയില്ലാത്ത ആ ഓലപ്പുരയുടെ വരാന്തയിൽ മണ്ണെണ്ണവിളക്കിന്റെയോ മെഴുകുതിരിയുടെയോ മുനിഞ്ഞു കത്തുന്ന വെളിച്ചത്തിൽ മകളിരുന്നു വായിക്കും. അരികിൽ കാതോർത്തിരുന്ന് അമ്മയത് കേൾക്കും. അമ്മയുടെ കൗതുകങ്ങൾക്ക് മകൾ, അവളെ കൊണ്ട് കഴിയുന്ന രീതിയിൽ വിവരണങ്ങൾ നൽകും. അത്താഴം കഴിഞ്ഞു വിളക്കണച്ചു വിദൂരഭാവിയുടെ വെള്ളിവെളിച്ചത്തെ സ്വപ്നം കണ്ട് അവർ , ആ അമ്മയും മകളും , കെട്ടിപ്പിടിച്ചു കിടന്നുറങ്ങും. അതാണവരുടെ ലോകം,അവരുടെ മാത്രമുള്ള ലോകം. ജ...

ഐലിൻ

തോരണങ്ങളും, ആരവങ്ങളും നീതിയുടെ കാഴ്ച മറച്ചൊരാ കറുത്ത നാളിൽ നിലവിളി കേട്ടില്ലൊരാളും.  അമ്മ മാത്രമായിരുന്നു ഞാൻ അപ്പോഴും. കൈ നീട്ടി കേണതെന്റെ കുഞ്ഞിന്റെ ജീവനായിരുന്നു. കേൾക്കാൻ നേരമില്ലാത്ത ചെവികളുണ്ടായിരുന്നു ചുറ്റിനും. ചിതറിയോടുന്ന വേഗങ്ങളിൽ പിന്തിരിഞ്ഞൊന്നു നിൽക്കാൻ, കനിവോടെ കൈയൊന്നു നീട്ടിടുവാൻ, ആരുമില്ലാത്തൊരീ ലോകത്തെ കഠിനത കാത്തവൾ നിൽക്കാതെ വിടചൊല്ലി, എന്നോടെന്നേക്കുമായി. അകലെയെത്ര നാളുകൾ മായ്കിലും മരണമെത്തുന്ന നാൾവരെ നീയെന്റെ മറവി മൂടാത്ത ഓർമ്മതൻ വാടിയിൽ ഇതൾ വിടർത്തുന്ന പൂവായിരുന്നിടും.. പിരിഞ്ഞിടും നേരത്തുമെന്റെ കണ്ണിന്റെ മുന്നിൽ നീ, പിറന്ന നാളിലെ കുഞ്ഞായിരുന്നു!! (കോട്ടയം നഗരത്തിൽ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ശക്തിപ്രകടനം മൂലമുണ്ടായ ഗതാഗതക്കുരുക്കിൽപെട്ടു അഞ്ചുവയസുകാരി 'ഐലിൻ', ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിയാത്തതിനാൽ ചികിത്സ കിട്ടാതെ അമ്മയുടെ മടിയിൽ മരണപ്പെട്ടത് വാർത്തയായിരുന്നു)

ഹാദിയ

അവൾ നിശ്ശബ്ദയായിരുന്നതല്ല..നിശ്ശബ്ദയാക്കി തീർത്തതാണവളെ, ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ. കാറ്റുകൊണ്ടും കടലുകൊണ്ടും  മറച്ചും ഒതുക്കിയും വച്ചിരുന്നിട്ടും ഇത്രനാൾ പുകഞ്ഞു കിടന്ന ഉള്ളിലെ തീയവൾ ആഞ്ഞുതുപ്പിയത് കേരളത്തിന്റെ വച്ചുകെട്ടിയ  കപടതയിലേക്കാണ്. അവളനുഭവിച്ച, കടന്നുപോകുന്ന സംഘർഷങ്ങളുടെ ആകെത്തുകയായിരുന്നു  അവളിൽ നിന്നുയർന്ന ആ ഉറച്ച വാക്കുകൾ. അടിച്ചമർത്തൽ, ഒരുവളെ തനിക്കെതിരെ നിൽക്കുന്ന ലോകത്തെ ഒറ്റയ്ക്ക്  നേരിടാൻ പ്രാപ്തിയുള്ളവളാക്കി തീർക്കുമെന്നതിനു വേറൊരു ഉദാഹരണവും വേണ്ട. ഹാദിയ, അവൾ മാത്രം മതി. ഇരട്ടചങ്കന്മാരുടെ കൊടിയുയർന്നു പരിലസിക്കുന്ന നാട്ടിൽ ഒരു സ്ത്രീയുടെ ജീവിതസ്വാതന്ത്ര്യത്തിനുമേൽ വരിഞ്ഞ ചങ്ങല എന്തുകൊണ്ട് ആരും  കാണാതെ പോകുന്നു എന്നതിനുള്ള ഉത്തരം ആര് തരാനാണ് ??! സ്വന്തം ഇഷ്ടപ്രകാരം ഒരു മതവിശ്വാസത്തെ സ്വീകരിക്കാനും ഇഷ്ട്ടപ്പെട്ടവനെ വിവാഹം കഴിക്കാനുമുള്ള ഒരു പെണ്ണിന്റെ സ്വാതന്ത്ര്യത്തെ തളച്ചിടുക എന്നത് ജനാധിപത്യത്തിന്റെ ഏത് ഏടിലാണ് എഴുതി വച്ചത് ?? എന്റെ മതവും ഞാൻ സ്വീകരിച്ച ആളും എന്റെ മാത്രം ഇഷ്ടങ്ങളാണെന്നു ഉറക്കെ വിളിച്ചു പറയുന്ന ഒരു പെണ്ണിന്റെ വാക്കിനെ കേ...

മഴ കാറ്റിനോട് പറഞ്ഞത്

നീയെന്ന കാറ്റിന്റെ വേരിൽ മുളച്ച മഴമരമായിരുന്നു ഞാൻ. നീ വീശിയ വേഗത്തിൽ ഞാനെന്നും എന്നെ എവിടെയോ ഉപേക്ഷിച്ചു കൊണ്ടിരുന്നു. കാലങ്ങളായി പെയ്ത മഴദൂരങ്ങൾക്കിടയിൽ നിന്നിലേക്കുള്ള ദൂരം നേർത്തതും വിജനവുമായികൊണ്ടേയിരിക്കുന്നു. പെയ്തു തീരാനിനിയുമുണ്ടേറെ എങ്കിലും നിന്റെ ദിക്കുകൾ തേടിയലയാൻ ചിറകുകൾ ഇല്ലെനിക്കിനി ബാക്കി. തപിക്കുന്ന, വരണ്ട, വിജന തീരങ്ങൾ ഇനിയുമുണ്ടേറെ  കാതങ്ങൾക്കപ്പുറം. നീയെന്ന വാക്കിലൂർന്ന് നിനക്ക് താഴെ ഞാനടിഞ്ഞ മണ്ണല്ലെന്റെ അവസാനം, വിജനതീരങ്ങൾ ഇനിയുമുണ്ടേറെ കാതങ്ങൾക്കപ്പുറം.. പലവഴിയൊഴുകി, പല തിരക്കൈകളിൽ ഏറി പലനാൾ കഴിഞ്ഞൊരു ദൂരത്തിൽ ഒരേ കര തേടുന്ന സഹയാത്രികരായി നാം നമ്മെ കണ്ടെത്താം..

മഴയോർമകൾ 3 : കളർപെൻസിലുകൾ

മഴയും തണുപ്പുമായാൽ അമ്മക്ക് ആസ്മയുടെ ശല്യം കൂടുന്ന കാലമായിരുന്നു അത്. അവധിക്കാലമാകുമ്പോൾ രണ്ടു വയസ് വ്യത്യാസത്തിൽ മൂന്നു മക്കൾ ഉള്ളതിൽ ഒന്നിനെ എപ്പോഴും അമ്മയുടെ വീട്ടിലാക്കുമായിരുന്നു. മൂന്നുപേരുടെ പുറകെ ഒരുമിച്ചോടാനുള്ള ആരോഗ്യം അമ്മക്ക് ആ സമയങ്ങളിൽ ഉണ്ടാകാറില്ല. അച്ഛൻ ആഴ്ചയിലെ വരുള്ളൂ എന്നതും അമ്മയുടെ ജോലിഭാരം കൂട്ടി. അമ്മവീട്ടിൽ പോയി നിൽക്കാനുള്ള നറുക്കു വീഴുന്നത് മിക്കപ്പോഴും എനിക്കായിരിക്കും. അങ്ങനെ ഒരു അവധിക്കാലത്തു മഴ കനത്ത ദിവസങ്ങളിൽ, നിറഞ്ഞ തോടും പുഴയും കാണാൻ മഴ ഒന്ന് തോർന്നു നിന്ന സമയത്ത് ചേച്ചി അനിയത്തിയേം കൂട്ടി പോയി. പുഴ കവിഞ്ഞു വെള്ളം പാടങ്ങളിൽ നിറഞ്ഞു കിടക്കുന്നു. നിറഞ്ഞൊഴുകുന്നൊരു കൈത്തോടിന് കുറുകെ ഉള്ള തെങ്ങിൻതടി പാലം കടന്നു ചെന്നുള്ള തുറസ്സായ പ്രദേശത്തു നിന്നാണ് പൊതുവെ വെള്ളം കാണാൻ എല്ലാരും നിൽക്കാറുള്ളത്. മഴ കനത്താൽ ആ പ്രദേശവും കൈത്തോടും കവിഞ്ഞു സമീപത്തുള്ള കുടിലുകൾ ഒന്നാകെ വെള്ളത്തിലാകും. പാലം മുട്ടിയാണ് കൈത്തോടിൽ വെള്ളം ഒഴുകുന്നത്. മറ്റുള്ള സമയങ്ങളിൽ കുളി അലക്ക് തുടങ്ങിയവയ്ക്കു ആളുകൾ ആശ്രയിക്കുന്നതും ആ കൈത്തോടിനെ ആയിരുന്നു. ആ സമയത്തെന്നോ ആരോ അനിയത്തിക്ക് കുറച്ചു പെ...

മഴയോർമ്മകൾ 2 : ഓർമ്മയിലെ ചങ്ങാടങ്ങൾ

ചില നാടും മനുഷ്യരും അവയോടൊപ്പമുള്ള ഓർമകളും ഒരിക്കലും മാഞ്ഞുപോകാത്ത വിധം ഒപ്പമുണ്ടാകും, എല്ലാക്കാലത്തും . അങ്ങനെ ഒരു ഗ്രാമത്തിന്റെ ഓർമയാണെന്റെ ബാല്യകാലത്തിനു കൂട്ടായിട്ടുള്ളത്. കാവുകളും കുളങ്ങളും പാടങ്ങളും നിറഞ്ഞ, ചെറിയ പുഴ അതിരിട്ടൊഴുകുന്നൊരു വളരെ ചെറിയ ഗ്രാമം . കാവുകളും ഉത്സവങ്ങളും പാൽപായസ മധുരവും നിറഞ്ഞ ഓർമ്മകാലങ്ങളാണത് . ബാല്യകാല കൗതുകങ്ങൾ അതിന്റെ എല്ലാ മനോഹാരിതയോടും കൂടി വിടർന്നു പരിലസിച്ച ഗ്രാമീണ അന്തരീഷം!!ഓരോ മഴക്കാലത്തും  പുഴയും പാടവും നിറഞ്ഞുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളും ദുരിതങ്ങളോടും ചേർത്ത് വച്ച് പെയ്യുന്ന ഓർമകളാണ് എനിക്ക് ആ കാലത്തെക്കുറിച്ച് കൂടുതലായും ഉള്ളത്. ഗ്രാമത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്തായിരുന്നു ഞങ്ങളുടെ വീടെന്നതിനാൽ വെള്ളപ്പൊക്കം എന്റെ കുടുംബത്തെ ബാധിച്ചിരുന്നില്ല. മഴക്കാലം അതിന്റെ രൗദ്രത പ്രാപിക്കുന്ന സമയങ്ങളിൽ , അത് വരെ മെലിഞ്ഞു സൗമ്യമായി ഒഴുകുന്ന പുഴ ഗ്രാമത്തിന്റെ താഴ്ന്ന നിലങ്ങളെ ആകെമാനം തന്റെ വലയത്തിലാക്കും.പാടങ്ങളും പുഴയും തിരിച്ചറിയാനാവാത്ത വിധം ജലനിരപ്പങ്ങനെ ചക്രവാളം മുട്ടി കിടക്കും.  മൺകട്ട കൊണ്ടുണ്ടാക്കിയ കുഞ്ഞു കുടിലുകളായിരുന്നു മിക്കവാ...

മഴയോർമ്മകൾ 1 : ഓർമകൾക്കൊരാമുഖം

മഴയോർമ്മകൾ 1  മനസ്സിന്റെ പ്രണയഭാവങ്ങളെ അതിന്റെ എല്ലാ അതിഭാവുകത്വങ്ങളോടെ പുറത്തെടുക്കുന്ന പ്രകൃതിയുടെ ഏറ്റവും മനോഹരമായ അവസ്ഥായാണ് എനിക്കെന്നും മഴ. മഴമേഘങ്ങൾ നിറയുന്ന ആകാശവും അതിനു താഴെ കാറ്റിലുലയുന്നൊരൊറ്റ മരവും നനഞ്ഞ മണ്ണിൽ ചിത്രങ്ങൾ തീർത്ത്ഇറ്റുവീഴുന്ന മഴത്തുള്ളികളും ചിന്തകളിൽ സ്വയം നഷ്ട്ടപ്പെട്ടവാളാക്കി എന്നെ മാറ്റുന്ന കാഴ്ചകളാണ്, എന്നും . ഞാനെന്ന എന്നെ, എന്നോ ഒരിക്കൽ സ്വയം കണ്ടെത്തിയതിനൊപ്പം ആണ് മഴ എനിക്ക് പ്രണയ ഭാവങ്ങൾ നിറഞ്ഞ അതിഭാവുകത്വം ആയത് . അതിനുമൊക്കെ വളരെ മുൻപ് ജീവിതത്തിലുടനീളം മഴ ഓരോ കണ്ണീർ ചോർച്ചകളായിരുന്നു. ബാല്യ കൗതുകങ്ങളിൽ ചിരിയും കരച്ചിലും ആരവങ്ങളുമായിരുന്ന മഴ, കൗമാര നിറക്കൂട്ടുകളെ പൊടുന്നനെ അനാഥമാക്കി പെരുവഴിയിൽ ഒഴുക്കിക്കളഞ്ഞ നിലക്കാത്ത പ്രവാഹമായിരുന്നു. എങ്കിലും ബാല്യകാലം മുതൽ കൗമാരസങ്കല്പങ്ങൾക്കും യൗവന തീഷ്ണതകൾക്കുമൊപ്പം മഴനഞ്ഞ ഗൃഹാതുരതയാണ് എനിക്കുമുള്ളത്. കാലത്തിന്റെ വഴിത്തിരുവുകളിൽ പലപ്പോഴും തീവ്രമായ അനുഭവങ്ങളുടെ പ്രളയത്തിൽ മുങ്ങിപ്പോകും വിധം അപ്രതീക്ഷിതമായി മഴ സംഹാരരൂപിണി ആയി പെയ്തു നിറഞ്ഞെങ്കിലും നിശബ്ദമായ പല രാവുകളിലും പുലരികളിലും നനുത്ത വിരലുകൾ നീ...

ഓർമയുടെ അവസാനം

മാർട്ടിൻ ചേട്ടൻ… വെറും രണ്ടാഴ്ചത്തെ പരിചയം മാത്രം..പക്ഷെ, ഇത്ര വലിയൊരു ജീവിതം ഉണ്ടായിട്ടും ആ പരിചയപ്പെടൽ ചേട്ടന് പത്തുമുപ്പതിനാല് വർഷങ്ങൾ ഉണ്ടായിരുന്ന  ജീവിതത്തിന്റെ അവസാന നാളുകളിൽ ആയിപ്പോയത് എന്ത് വിധിയാണെന്ന് അറിയില്ലല്ലോ.. രണ്ടാഴ്ച കൊണ്ട് രക്തബന്ധത്തേക്കാൾ വലിയൊരു ആത്മബന്ധവും അതിന്റെ വേദനയും അവശേഷിപ്പിച്ചു, ഒരു വാക്ക് പോലും പറയാതെ അതെന്തൊരു പോക്കായിരുന്നു..?!!!രണ്ടാളും പത്തനംതിട്ടക്കു വാ, നമുക്കവിടെ അടിച്ചു പൊളിക്കാം എന്ന് പറഞ്ഞു യാത്ര പറഞ്ഞു പോയിട്ട് ഞങ്ങൾക്ക് അതിനൊരു അവസരം കൂടി തരാതെ ഇത്ര ധൃതിയിൽ പോകണമായിരുന്നോ?? എന്താണ് ആ ശരീരത്തിലുള്ള രോഗമെന്ന് കണ്ടുപിടിക്കാനോ ചികിത്സ നേടാനോ ഒന്നും നിൽക്കാതെ, അതിനുള്ള സമയം കൂടി ആർക്കും കൊടുക്കാതെ, വേദനയും മരുന്നും ആശുപത്രിയും ഒന്നുമില്ലാത്ത ഒരു ലോകത്തേക്ക്, ആരോടും ഒരു പരിഭവമോ പരാതിയോ പറയാതെ, യാത്ര പറയാൻ കൂടി നിൽക്കാതെ പോയിക്കളഞ്ഞല്ലോ.. എന്റെ ഓർമയുടെ അവസാനം, എന്റെ കൈയിൽ പിടിച്ചു ചിരിച്ചുകൊണ്ട് യാത്ര പറയുന്ന ഒരു മുഖമുണ്ട്. ആ മുഖമല്ലാതെ അവസാന യാത്രക്കൊരുങ്ങി കിടക്കുന്ന ആ മുഖം കാണാൻ , ഞങ്ങളെ ക്ഷണിച്ച ആ വീട്ടിലേക്ക് കരഞ്ഞു കൊണ്ട്, എ...

ഒരേ തീരങ്ങൾ

കോളിംഗ്ബെൽ ഉച്ചത്തിൽ നിർത്താതെ മുഴങ്ങുന്നത് കേട്ടാണ് അപർണ ഉണർന്നത്. ക്ളോക്കിലേക്ക് നോക്കിയപ്പോൾ സമയം നാലുമണി. താനിത്ര നേരം ഉറങ്ങിയോ എന്ന് അവൾ അത്ഭുതപ്പെട്ടു. ഉച്ചയ്ക്ക് ഊണും കഴിഞ്ഞൊരു ബുക്കുമെടുത്തു വായിക്കാൻ കിടന്നതാണ്.. ബുക്ക്‌ തലയിണക്കരികിൽ തുറന്നു തന്നെ കിടപ്പുണ്ട് . ഫാനിന്റെ കാറ്റിൽ പേജുകൾ മറിയുന്നു.അവൾ ബുക്ക്‌ അടച്ചു വച്ചു.. വീണ്ടും കോളിംഗ്ബെൽ അക്ഷമയോടെ മുഴങ്ങി. സുദീപ് നേരത്തെ വന്നോ ?! അവൾ കെട്ടി വച്ച മുടി അഴിച്ചിട്ട് കൈകൊണ്ടു കോതിയൊതുക്കി കട്ടിലിൽ നിന്നെഴുന്നേറ്റു. കൈപ്പത്തികൾ കൊണ്ട് മുഖം അമർത്തി തുടച്ചു..ഒരിക്കൽ കൂടി ബെൽ മുഴങ്ങി..വേഗം ചെന്നവൾ വാതിൽ തുറന്നു..സിറ്റ്ഔട്ടിൽ ബെല്ലിൽ വിരലുകൾ വച്ച് അക്ഷമയോടെ നിൽക്കുന്ന ആളെ കണ്ട്‌ അപർണ്ണയുടെ നെഞ്ചിൽ ഒരു മിന്നൽ പാളി.. അനിരുദ്ധ് !! അന്ന് കോളേജിൽ വച്ചുണ്ടായ സംസാരത്തിനു ശേഷം ഇന്നാണ് വീണ്ടും !! അവന്റെ മുഖത്ത് വല്ലാത്ത തളർച്ചതോന്നിക്കുന്നുണ്ട്..കണ്ണുകൾ ഉറക്കക്ഷീണത്താൽ എന്നവണ്ണം പ്രസാദം നഷ്ടപ്പെട്ടിരിക്കുന്നു..മുഖത്തെ താടി കുറേക്കൂടി നീണ്ടിരിക്കുന്നു..കുറേനാളുകളായി ചീകിയൊതുക്കാത്ത വിധം മുടിയും അലങ്കോലപ്പെട്ടു കിടക്കുന്നു.. അപർണയ്ക്ക് ...

കാവൽക്കാർ

ഒരു നീർതുള്ളിയുടെ പച്ചപ്പിൽ  ജീവൻ കൊരുത്ത വിശാലതയായിരുന്നു  എനിക്ക് മുന്നിൽ നീ നീട്ടിയ ലോകം.  ഞാനും നീയും എന്ന കാലത്തിനു ശേഷം,  നാമൊറ്റയായി ജനിച്ച കാലത്തിനും വളരെ മുൻപേ പെയ്തു തോർന്നൊരൊറ്റ മരത്തിനു താഴെ  ഇതൾപിരിയാത്തൊരു പൂക്കാലത്തിനൊപ്പം നാം, മറ്റൊരുജന്മത്തിന്റെ കാവൽക്കാരായിരുന്നു!!
'പുതിയ നിയമം' എന്ന മലയാള സിനിമയിൽ നയൻതാര എന്ന നടിയുടെ സൗന്ദര്യ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു ബലാൽസംഗ രംഗത്തെ ആ സിനിമയുടെ വാണിജ്യ തന്ത്രമായി ചിത്രീകരിച്ചിരിക്കുന്നത് കണ്ട് ഞെട്ടിത്തരിച്ചിരുന്നു പോയി. ഒരു ബലാൽസംഗരംഗത്തെ വളരെ വ്യക്തമായി പ്രേക്ഷകനു മുന്നിൽ തുറന്നു കാണിക്കുന്ന നമ്മുടെ സംവിധായകർക്ക് ഒരു സ്ത്രീയും പുരുഷനും പ്രണയത്താൽ , ശരീരങ്ങളാൽ പങ്കുവയ്ക്കപ്പെടുന്നത് കാണിക്കാനുള്ള ധൈര്യം ഇല്ല എന്നുള്ളത് സിനിമയുടെ ഒരു പൊതു സ്വഭാവം തന്നെ ആണ് . എന്നാൽ പ്രണയത്തിൽ കാണിക്കാത്ത ധൈര്യം, ഒരു ബലാൽസംഗം ആവശ്യത്തിൽ കൂടുതൽ ക്രൂരതയും ചേർത്ത് അഞ്ചോ പത്തോ മിനിട്ട് നീളുന്ന രംഗമാക്കി ചിത്രീകരിക്കുന്നതിൽ ധാരാളം കാണാം. അതെ, പുരുഷന് പ്രണയത്തോടെ കാമിക്കാൻ ധൈര്യം അത്ര ഇല്ലാത്തത് കൊണ്ടാണല്ലോ ഇവിടെ സ്ത്രീ പീഢനങ്ങൾ ഇങ്ങനെ പെരുകുന്നത്!!! സ്ത്രീ ശരീരത്തെ ഒരു ചരക്കായി മാത്രം കാണുന്ന മലയാളി പ്രേക്ഷകന് കണ്ണു നിറയണമെങ്കിൽ ബലാത്സംഗം ചെയ്യപ്പെടുന്നതും 'സർപ്പസുന്ദരി' തന്നെയാവണം'. നയൻതാര എന്ന നടിയുടെ താരമൂല്യം പ്രേക്ഷക തള്ളിക്കയറ്റം ഉണ്ടാവുന്നതിനായി എങ്ങനെ ഉപയോഗിക്കണം എന്ന വാണിജുതന്ത്രം നന്നായി അറിയ...
മൂന്ന് വ ർ ഷങ്ങ ൾ തുട ർ ച്ചയായി എലിപ്പനി , ചിക്കു ൻ ഗുനിയ , ഡെങ്കിപ്പനി എന്നിവ വളരെ ഗുരുതരമായ രീതിയി ൽ എന്റെ അമ്മയെ ബാധിച്ചത് ആ വ ർ ഷങ്ങളിലെ അമ്മയുടെ തൊഴിലുറപ്പ് കാലങ്ങളിലാണ് . മഴക്കാലത്തായാലും വേന ൽ ക്കാലത്തായാലും യാതൊരു അപകട നിവാരണോപായങ്ങളുമുള്ളതേ ചെളിയും മാലിന്യവും നിറഞ്ഞ തോടുക ൾ , കനാ ൽ , കുളങ്ങ ൾ എന്നിവ വൃത്തിയാക്കാ ൻ തൊഴിലുറപ്പ് പദ്ധതിയിലു ൾ പ്പെട്ട് പോയതിന്റെ അനന്തരഫലം .. ആദ്യവ ർ ഷം എലിപ്പനിയി ൽ നിന്നും മോചിതയായപ്പോ ൾ തൊഴിലുറപ്പി ൽ പോകുന്നതി ൽ നിന്നും ക ർ ശനമായി വിലക്കിയെങ്കിലും , ഈ പ്രായത്തിലൊരു ‘ സ ർ ക്കാ ർ ജോലിക്കാരി ’ ആയിരിക്കുന്നതിന്റെ ഭാഗ്യം കളയാ ൻ അമ്മ ഒരുക്കമായിരുന്നില്ല . തുട ർ ന്നുള്ള വ ർ ഷങ്ങളി ൽ യഥാക്രമം ചിക്കു ൻ ഗുനിയ , ഡെങ്കുപനി എന്നിവ പിടിപെട്ടു . ഇനി ഇതിലേതെങ്കിലും ഒന്ന് ഒരിക്ക ൽ കൂടി പിടിപെട്ടാ ൽ ഡോക്ട ർ മാ ർ ക്ക് ഒന്നും ചെയ്യാനുണ്ടാവില്ലെന്ന് ആശുപത്രിയി ൽ നിന്നും വിധി പറഞ്ഞിട്ടുണ്ട് .. മക്കളും ഭ ർ ത്താവും അവരവരുടെ തിരക്കുകളി ൽ വ്യാപൃതരായിരിക്കെ പക ൽ മുഴുവ ൻ ഒറ്റയ്ക്ക് ഒന്നും ചെയ്യാനില്ലാത...