ചില നാടും മനുഷ്യരും അവയോടൊപ്പമുള്ള ഓർമകളും ഒരിക്കലും മാഞ്ഞുപോകാത്ത വിധം ഒപ്പമുണ്ടാകും, എല്ലാക്കാലത്തും . അങ്ങനെ ഒരു ഗ്രാമത്തിന്റെ ഓർമയാണെന്റെ ബാല്യകാലത്തിനു കൂട്ടായിട്ടുള്ളത്. കാവുകളും കുളങ്ങളും പാടങ്ങളും നിറഞ്ഞ, ചെറിയ പുഴ അതിരിട്ടൊഴുകുന്നൊരു വളരെ ചെറിയ ഗ്രാമം . കാവുകളും ഉത്സവങ്ങളും പാൽപായസ മധുരവും നിറഞ്ഞ ഓർമ്മകാലങ്ങളാണത് . ബാല്യകാല കൗതുകങ്ങൾ അതിന്റെ എല്ലാ മനോഹാരിതയോടും കൂടി വിടർന്നു പരിലസിച്ച ഗ്രാമീണ അന്തരീഷം!!ഓരോ മഴക്കാലത്തും പുഴയും പാടവും നിറഞ്ഞുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളും ദുരിതങ്ങളോടും ചേർത്ത് വച്ച് പെയ്യുന്ന ഓർമകളാണ് എനിക്ക് ആ കാലത്തെക്കുറിച്ച് കൂടുതലായും ഉള്ളത്. ഗ്രാമത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്തായിരുന്നു ഞങ്ങളുടെ വീടെന്നതിനാൽ വെള്ളപ്പൊക്കം എന്റെ കുടുംബത്തെ ബാധിച്ചിരുന്നില്ല. മഴക്കാലം അതിന്റെ രൗദ്രത പ്രാപിക്കുന്ന സമയങ്ങളിൽ , അത് വരെ മെലിഞ്ഞു സൗമ്യമായി ഒഴുകുന്ന പുഴ ഗ്രാമത്തിന്റെ താഴ്ന്ന നിലങ്ങളെ ആകെമാനം തന്റെ വലയത്തിലാക്കും.പാടങ്ങളും പുഴയും തിരിച്ചറിയാനാവാത്ത വിധം ജലനിരപ്പങ്ങനെ ചക്രവാളം മുട്ടി കിടക്കും.
മൺകട്ട കൊണ്ടുണ്ടാക്കിയ കുഞ്ഞു കുടിലുകളായിരുന്നു മിക്കവാറും എല്ലാം .ഒന്നോ രണ്ടോ വാർക്കകെട്ടിടങ്ങൾ അവയ്ക്കിടയിൽ കണ്ട ഓർമയെ എനിക്കിന്നുള്ളു. ഒരു പർണ്ണശാല പോലെ മനോഹരമായ ഞങ്ങളുടെ വീട്. ഏഴു സെന്റിൽ, ചുറ്റും ശീമക്കൊന്നയും ചെമ്പരത്തിയും കൊണ്ടുള്ള വേലിയുള്ള, ചെടികളും മരങ്ങളും കോഴികളും ആടുകളുമുള്ള, ഓല മേഞ്ഞ, മൺചുവരുകൾ ഉള്ള ഒരു പർണ്ണശാല.. മുറ്റത്തു വൃത്തിയുള്ള ചരൽമണ്ണ്. വീടിനു മുന്നിൽ മണ്ണിട്ട നാട്ടുവഴി.അതിനപ്പുറം ഞങ്ങളുടെ വീടിന്റെ വാതിലിനു നേരെ ഒരു കാവും.വളരെ ചുരുക്കം സമയങ്ങളിൽ മാത്രമേ ഞങൾ ആ കാവിൽ പ്രവേശിച്ചിട്ടുള്ളു. അങ്ങോട്ടേക്ക് കയറാൻ പാടില്ല എന്ന കർശന നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. ആ നാട്ടിലുള്ള ഓരോ കാവിലെയും പ്രതിഷ്ഠാ കല്ലുകളുടെ അടിയിൽ ജീവിക്കുന്ന അഞ്ചു തലയുള്ള സർപ്പങ്ങളുടെ കഥ എന്റെ ബാല്യകാലങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.എങ്കിലും കാവിനുള്ളിലെ വലിയ വൃക്ഷങ്ങളിൽ ചുറ്റിക്കിടക്കുന്ന വള്ളികളിൽ, നിറയെ ഉണ്ടാകുന്ന മുളകിന്റെ രൂപത്തിലുള്ള ഒരു പഴമായിരുന്നു ഞങ്ങളെ കാവുകൾ ചുറ്റിപ്പറ്റി കളികളിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചിരുന്നത്.
വീടിന്റെ മൺചുവരുകൾ ഏറ്റവും അധികം പ്രയോജനപ്പെടുത്തിയിരുന്നത് അനിയത്തി ആയിരുന്നു. മുട്ടിലിഴഞ്ഞു തുടങ്ങിയ കാലം മുതൽ 'അമ്മ കാണാതെ ചുവരിലെ മണ്ണടർത്തി തിന്നുന്നത് അവളുടെ ഒരു പതിവായിരുന്നു . പക്ഷെ, മഴക്കാലങ്ങളിൽ പാടങ്ങളോട് ചേർന്നുള്ള മൺവീടുകൾ,പുഴ കടന്നു വരുന്ന വെള്ളത്തിൽ അലിഞ്ഞില്ലാതാകുമായിരുന്നു.ഓരോ രാത്രി വെളുക്കുമ്പോഴും പരന്നു കിടക്കുന്ന ജലത്തിന് മുകളിൽ ഓലകൊണ്ടുള്ള മേൽക്കൂരകൽ കെട്ടുവള്ളം പോലെ പൊങ്ങി കിടന്നു.
സർക്കാർ സഹായമായി അരിയും പാത്രങ്ങളും കമ്പിളിയും ആ സമയങ്ങളിൽ ലഭിക്കും. ഞങ്ങൾ കുട്ടികൾക്കുള്ള ഏറ്റവും വലിയ ആകർഷണം അതിനൊപ്പം കിട്ടിയിരുന്ന പാൽപ്പൊടിയുടെ രുചിയുള്ള വെളുത്ത കട്ടിയുള്ള ഒരു ബിസ്കറ്റ് ആണ്. വൈദ്യുതി എത്തിയിട്ടില്ലാത്ത ആ കാലത്ത് , മഴ തോരാത്ത ഇരുണ്ട രാത്രികളിൽ, മണ്ണെണ്ണ വിളക്കിനു ചുറ്റുമിരുന്നു ഞങ്ങൾ പങ്കിട്ടു കഴിച്ചിരുന്ന ആ ബിസ്‌ക്കറ്റിന്റെ രുചി പിന്നെയൊരിക്കലും എനിക്ക് തിരിച്ചു കിട്ടിയിട്ടില്ല.എന്റെ മഴയോർമ്മകൾക്കൊപ്പം ആ പാൽപ്പൊടി രുചി അലിഞ്ഞു ചേർന്നിരുന്നു .
പുറം ലോകവുമായി എല്ലാ ബന്ധങ്ങളും അവസാനിക്കുന്ന ആ മഴക്കാലങ്ങളിൽ ഞങ്ങൾ കുട്ടികൾ ഈ ദുരിതങ്ങളൊന്നും തെല്ലും അലട്ടാതെ ആഘോഷിച്ചു. സ്‌കൂളിൽ പോകുവാനുള്ള വഴികളൊക്കെ അടയുന്നത് കാരണം മഴക്കാലം ഞങ്ങൾക്ക് അവധിക്കാലം കൂടി ആയിരുന്നു. .ജലനിരപ്പ് എത്രത്തോളം കയറി എന്നറിയാൻ കൃത്യമായ ഇടവേളകളിൽ തല നീട്ടി ഇഴഞ്ഞു വരുന്ന അലകൾക്കൊപ്പം ഞങ്ങൾ കുട്ടികൾ ചെറു കമ്പുകളോ ഈർക്കിലികളോ കുത്തി നിർത്തും . പിന്നീട് ചെന്ന് നോക്കുമ്പോൾ ഈർക്കിലികളെ അപ്രത്യക്ഷമാക്കി ജലനിരപ്പ് കൂടുകയോ അല്ലെങ്കിൽ അവയെ അവിടെത്തന്നെ അനാഥമാക്കി നിർത്തികൊണ്ട് പിൻവലിയുകയോ ചെയ്യുമായിരുന്നു. അടയാളം വച്ച് അത്തരത്തിൽ ജലനിരപ്പളക്കുന്നത് മഴക്കാലത്ത് മറ്റൊരു കളികളിലും ഏർപ്പെടാൻ പറ്റാത്തതിന്റെ ആകുലതകൾ ഒഴിവാക്കി . ഞങ്ങൾ കുട്ടികൾക്ക് മഴക്കാലങ്ങൾ നൽകിയ അസൂയ ആയിരുന്നു 'ചങ്ങാടങ്ങൾ' . പാടങ്ങളിൽ വെള്ളം നിറഞ്ഞാലുടനെ മുതിർന്ന ആൺകുട്ടികൾ വാഴപ്പിണ്ടി കൊണ്ടുള്ള ചങ്ങാടം ഉണ്ടാക്കി ജലനിരപ്പിലൂടെ ആർത്തുല്ലസിച്ചു തുഴയും. ഇടക്കവർ നിറഞ്ഞു കിടക്കുന്ന പാടങ്ങളുടെ നടുവിലെത്തി വെള്ളത്തിലേക്ക് തലകുത്തി മറിയും. കുട്ടികൾക്ക് വിലക്കപ്പെട്ട മഴ രസങ്ങളിൽ ഒന്നായിരുന്നത്. ചൂണ്ടയിടാൻ ഇറങ്ങുന്നവർക്ക് പുറകെ മണ്ണിരയെ നിറച്ച ചിരട്ടകളുമായി നടക്കുക എന്നതായിരുന്നു പിന്നെയുള്ളൊരു നേരമ്പോക്ക്. മഴ നേരമ്പോക്കുകൾ കൂടുന്നതിനനുസരിച്ചു കിട്ടുന്ന അടികളുടെയും എണ്ണം കൂടി കൊണ്ടിരിക്കും. എന്നിരുന്നാലും ബാല്യകൗതുകുകങ്ങളെ രസം പിടിച്ച ഓർമ്മകളാക്കി മാറ്റാൻ ഓരോ മഴയും പെയ്തു കൊണ്ടിരുന്നു, ഇടതടവില്ലാതെ..ഇന്നും , ഓർമ്മകൾ പേറിയൊരു ചങ്ങാടം തുഴഞ്ഞകലുന്നതും നോക്കി ഒരു മൂന്നാം ക്ലാസ്സുകാരി പെൺകുട്ടി ആ തീരത്തു തന്നെ നിൽക്കുന്നുണ്ട്.
Comments
Post a Comment