മഴയോർമ്മകൾ 1
മനസ്സിന്റെ പ്രണയഭാവങ്ങളെ അതിന്റെ എല്ലാ അതിഭാവുകത്വങ്ങളോടെ പുറത്തെടുക്കുന്ന പ്രകൃതിയുടെ ഏറ്റവും മനോഹരമായ അവസ്ഥായാണ് എനിക്കെന്നും മഴ. മഴമേഘങ്ങൾ നിറയുന്ന ആകാശവും അതിനു താഴെ കാറ്റിലുലയുന്നൊരൊറ്റ മരവും നനഞ്ഞ മണ്ണിൽ ചിത്രങ്ങൾ തീർത്ത്ഇറ്റുവീഴുന്ന മഴത്തുള്ളികളും ചിന്തകളിൽ സ്വയം നഷ്ട്ടപ്പെട്ടവാളാക്കി എന്നെ മാറ്റുന്ന കാഴ്ചകളാണ്, എന്നും . ഞാനെന്ന എന്നെ, എന്നോ ഒരിക്കൽ സ്വയം കണ്ടെത്തിയതിനൊപ്പം ആണ് മഴ എനിക്ക് പ്രണയ ഭാവങ്ങൾ നിറഞ്ഞ അതിഭാവുകത്വം ആയത് . അതിനുമൊക്കെ വളരെ മുൻപ് ജീവിതത്തിലുടനീളം മഴ ഓരോ കണ്ണീർ ചോർച്ചകളായിരുന്നു. ബാല്യ കൗതുകങ്ങളിൽ ചിരിയും കരച്ചിലും ആരവങ്ങളുമായിരുന്ന മഴ, കൗമാര നിറക്കൂട്ടുകളെ പൊടുന്നനെ അനാഥമാക്കി പെരുവഴിയിൽ ഒഴുക്കിക്കളഞ്ഞ നിലക്കാത്ത പ്രവാഹമായിരുന്നു. എങ്കിലും ബാല്യകാലം മുതൽ കൗമാരസങ്കല്പങ്ങൾക്കും യൗവന തീഷ്ണതകൾക്കുമൊപ്പം മഴനഞ്ഞ ഗൃഹാതുരതയാണ് എനിക്കുമുള്ളത്. കാലത്തിന്റെ വഴിത്തിരുവുകളിൽ പലപ്പോഴും തീവ്രമായ അനുഭവങ്ങളുടെ പ്രളയത്തിൽ മുങ്ങിപ്പോകും വിധം അപ്രതീക്ഷിതമായി മഴ സംഹാരരൂപിണി ആയി പെയ്തു നിറഞ്ഞെങ്കിലും നിശബ്ദമായ പല രാവുകളിലും പുലരികളിലും നനുത്ത വിരലുകൾ നീട്ടി മഴയെന്റെ ഉള്ളിനെ തൊട്ടുണർത്തിക്കൊണ്ടിരിക്കുന്നു, അന്നും ഇന്നും. ഇത് വെറുമൊരു ഓർമക്കുറിപ്പല്ല. ജീവിതം തന്നെയാണ് , ഒരിക്കലും മറവിയുടെ പുറമ്പോക്കിലേക്ക് അലക്ഷ്യമായി എറിഞ്ഞു കളയാൻ ആഗ്രഹിക്കാത്ത, ഇടയ്ക്കിടയ്ക്ക് എന്റെ വഴികളെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന, ഈ കാലമത്രയും എന്നോടൊപ്പമുള്ള , എന്നെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന എന്റെ മാത്രം ജീവിതം ആണ്, മഴയെന്റെ സഹയാത്രികയും.
മഴ പോലെ.. ഇറ്റു വീണ കുളിരുള്ള അക്ഷരങ്ങൾ..
ReplyDeleteനല്ല വാക്കുകൾ എന്റെ എഴുത്തിനുള്ള പ്രേരണകളാണ്.. Thanks ❤
Delete