ചില നാടും മനുഷ്യരും അവയോടൊപ്പമുള്ള ഓർമകളും ഒരിക്കലും മാഞ്ഞുപോകാത്ത വിധം ഒപ്പമുണ്ടാകും, എല്ലാക്കാലത്തും . അങ്ങനെ ഒരു ഗ്രാമത്തിന്റെ ഓർമയാണെന്റെ ബാല്യകാലത്തിനു കൂട്ടായിട്ടുള്ളത്. കാവുകളും കുളങ്ങളും പാടങ്ങളും നിറഞ്ഞ, ചെറിയ പുഴ അതിരിട്ടൊഴുകുന്നൊരു വളരെ ചെറിയ ഗ്രാമം . കാവുകളും ഉത്സവങ്ങളും പാൽപായസ മധുരവും നിറഞ്ഞ ഓർമ്മകാലങ്ങളാണത് . ബാല്യകാല കൗതുകങ്ങൾ അതിന്റെ എല്ലാ മനോഹാരിതയോടും കൂടി വിടർന്നു പരിലസിച്ച ഗ്രാമീണ അന്തരീഷം!!ഓരോ മഴക്കാലത്തും പുഴയും പാടവും നിറഞ്ഞുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളും ദുരിതങ്ങളോടും ചേർത്ത് വച്ച് പെയ്യുന്ന ഓർമകളാണ് എനിക്ക് ആ കാലത്തെക്കുറിച്ച് കൂടുതലായും ഉള്ളത്. ഗ്രാമത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്തായിരുന്നു ഞങ്ങളുടെ വീടെന്നതിനാൽ വെള്ളപ്പൊക്കം എന്റെ കുടുംബത്തെ ബാധിച്ചിരുന്നില്ല. മഴക്കാലം അതിന്റെ രൗദ്രത പ്രാപിക്കുന്ന സമയങ്ങളിൽ , അത് വരെ മെലിഞ്ഞു സൗമ്യമായി ഒഴുകുന്ന പുഴ ഗ്രാമത്തിന്റെ താഴ്ന്ന നിലങ്ങളെ ആകെമാനം തന്റെ വലയത്തിലാക്കും.പാടങ്ങളും പുഴയും തിരിച്ചറിയാനാവാത്ത വിധം ജലനിരപ്പങ്ങനെ ചക്രവാളം മുട്ടി കിടക്കും. മൺകട്ട കൊണ്ടുണ്ടാക്കിയ കുഞ്ഞു കുടിലുകളായിരുന്നു മിക്കവാ...