Skip to main content

Posts

Showing posts from 2021

നിനക്കുള്ള കത്തുകൾ 10

അന്നായിരുന്നു നമ്മളാദ്യമായി കണ്ടത്.. ആദ്യ കാഴ്ച,ആദ്യ സ്പർശനം, ആദ്യചുംബനം അങ്ങനെ അങ്ങനെ കുറെയധികം ആദ്യനേരങ്ങൾ നാമിരുവർക്കുമിടയിൽ ഊർന്നു വീണുകൊണ്ടിരുന്നു.. നിലാവ് വിഴുങ്ങി തീർത്ത രാത്രിയിൽ നാമിരുവരും നിഴൽരൂപങ്ങൾ പോലെ  ഇരുകരവലയങ്ങളിൽ പരസ്പരം കുരുങ്ങി കിടന്നിരുന്നു, ഒരിക്കലും അഴിയാത്ത വിധം. നിന്റെ നിറമൗനങ്ങൾക്കിടയിലെപ്പോഴോ  നീയെന്റെ കണ്ണിൽ നോക്കി ചോദിച്ചിരുന്നു "ഞാനൊരിക്കൽ മരിച്ചാൽ ,നീ എനിക്ക് വേണ്ടി കരയുമോ" എന്ന്.. പെട്ടെന്നൊരു മറുപടി പറയണം എന്നുണ്ടായിരുന്നു എങ്കിലും ഞാൻ ഒന്നും മിണ്ടാതെ നിന്റെ നെഞ്ചിൽ മുഖം ചേർക്കുക മാത്രമാണുണ്ടായത്.. ഇന്നലെ വരെ നീ എനിക്ക് ആരായിരുന്നു എന്ന് തന്നെ എനിക്കറിഞ്ഞു കൂടായിരുന്നു.. എന്റെ ശ്വാസ വേഗങ്ങളാൽ നനയുന്ന നിന്റെ ശരീരവും, എന്നെയൊരു ചുഴിയിലെന്നോണം നിന്നിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുന്ന നിന്റെ അവസാനമില്ലാത്ത ഭ്രാന്തുകളും, എന്റേത് മാത്രമാകുന്ന ഈ ദിനമൊന്നിനെ കുറിച്ചു ഞാൻ എന്റെ സങ്കല്പങ്ങളിലൊന്നു പോലും കുറിച്ചിരുന്നില്ലല്ലോ.. എനിക്ക്, നീ മാത്രം എന്ന്‌ എഴുതപ്പെട്ടു തുടങ്ങിയ ഈ നേരങ്ങളിൽ ഞാൻ എന്നത് ഒരു തുടക്കം മാത്രമായി തീർന്നിരിക്കുന്നു, നിനക്കു മുൻപോ നി...

അവരിടങ്ങൾ 22

അവൾ അവന്റെ മുഖത്തു നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി.അവൻ ഒന്നും മിണ്ടാതിരിക്കുകയാണ്. അവൾക്ക് ക്ഷമകെട്ടു തുടങ്ങി. "നീ എന്തെങ്കിലും ഒന്നു പറയുന്നുണ്ടോ?! അവളെന്തു പറഞ്ഞു?! " "അവൾക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു. ഒരേ ഒരു കണ്ടീഷൻ ഉള്ളു.."അവൻ ഒന്നു നിർത്തി. അവൾ ആകാംക്ഷയോടെ അവനെ നോക്കി. "ഭാര്യാഭർത്താക്കന്മാർ എന്ന ബന്ധം ഉപേക്ഷിക്കാൻ പാടില്ല. അതിന്റെ  ഉത്തരവാദിത്തങ്ങൾക്കോ കരുതലുകൾക്കോ മാറ്റം വരാൻ പാടില്ല" അവൻ പറഞ്ഞു നിർത്തി. അവൾ ഒന്നു നിശ്വസിച്ചിട്ട് അവനെ നോക്കി. അവൻ മറ്റെങ്ങോ നോക്കി ഇരിക്കുകയാണ്. അവളും ഒന്നും മിണ്ടിയില്ല. അവളുടെ പ്രതികരണം ഒന്നും ഇല്ലാഞ്ഞത് കൊണ്ട് അവൻ അവളെ നോക്കി. വിരലുകൾ പിണച്ചും അഴിച്ചും അവൾ അങ്ങനെ തന്നെ ഇരിക്കുന്നു. "ഉം..?! " അവൻ ചോദിച്ചു. "അവൾക്ക് എന്തെങ്കിലും റിലേഷൻഷിപ്പ് ഉണ്ടെന്ന് പറഞ്ഞോ?!" അവൾ ആ ഇരുപ്പിൽ നിന്നു മുഖമുയർത്താതെ അവനോട് ചോദിച്ചു. "അങ്ങനെ ഒന്നുണ്ടെങ്കിലെ ഇതിനു സമ്മതിക്കൂ എന്നുണ്ടോ?! " "വിവാഹ ബന്ധം നിലനിന്നു പോകുന്നത് തന്നെ ഒരാൾ മറ്റൊരാളുടെ സ്വന്തം എന്ന  പോസ്സസീവ്നെസ് കൊണ്ടാണ...

അവരിടങ്ങൾ 21

എങ്ങനെ ആയിരുന്നു തുടക്കം?!  എന്ത്?!! അവൻ അവളെ നോക്കി. അവൾ അവന്റെ നെഞ്ചിൽ ചാരി തോളിൽ തലവച്ചു ചാഞ്ഞിരിക്കുകയായിരുന്നു. അവൾ കണ്ണുകൾ ഉയർത്തി അവനെ നോക്കി. ആദ്യ പ്രണയം?! ആദ്യ ചുംബനം ?!  രണ്ടും ഉണ്ടായിട്ടില്ല?!  അത് നുണ?! അവൾ ചിരിച്ചു.  നുണയല്ല.. സത്യം..!!  അവൾ എണീറ്റ് അവന്റെ മുഖത്തേക്ക് നോക്കി. ഇതുവരെ ആരെയും പ്രണയിച്ചില്ലെന്നോ..?! സ്ത്രീസ്പർശം ഏൽക്കാത്ത പുരുഷ ശരീരം ആണിതെന്നോ?! അവൾ വിശ്വാസം വരാത്ത രീതിയിൽ അവനെ നോക്കി കളിയാക്കി ചിരിച്ചു.  "എന്നു ഞാൻ പറഞ്ഞില്ല"..!! അവന്റെ മറുപടി കേട്ട് അവൾ സംശയത്തോടെ അവനെ നോക്കി.  "എന്നു വച്ചാൽ"?!  "പ്രണയം ഉണ്ടായിരുന്നു"!! എന്നിട്ട് അതിന് എന്തു സംഭവിച്ചു?!  "ഒന്നും സംഭവിച്ചില്ല.കഥ അവിടെ വരെയേ ഉള്ളു എന്ന് പറഞ്ഞതാണ്." അവൻ ചിരിച്ചു. അവളുടെ മുഖം ചുളിഞ്ഞു. അവൾ നേരെ ഇരുന്നിട്ട് അവനെ നോക്കി. അവൻ ഒരു നിമിഷം ആലോചനയോടെ ഇരുന്നു. "പ്രണയം ഉണ്ടായിരുന്നു..എനിക്ക് മാത്രം ഉണ്ടായിരുന്നുള്ളു എന്നു മാത്രം..! "അവൻ ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി. അവൻ കൗതുകപൂർവ്വം അവനെ നോക്കിയിരുന്നു. "അത്ര വലിയ കഥ ഒന്നും അല്ല. എല്ലാവർക്കും സ...

അവരിടങ്ങൾ 20

"പിന്നെ എന്തു കൊണ്ട് അത്ര വലിയ കാലമൊന്നും  പരിചയമില്ലാത്ത ഞാൻ"?! അവൾക്കെതിരെ ഇരുന്ന അവൻ ചോദിച്ചു കൊണ്ട് അവളെ നോക്കി. "പരിചയത്തിന്റെ കാലയളവിൽ അല്ലല്ലോ ബന്ധങ്ങളും അവയുടെ നിലനിൽപ്പും".!! അവൾ ഇടതു കൈയിലിരുന്ന വൈൻ ഗ്ലാസിന്റെ ചുറ്റും കൈ കൊണ്ട് വെറുതെ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.  "പിന്നെ"?!  "വ്യക്തമായി വിവരിക്കാൻ പറ്റാത്ത കുറെ കാര്യങ്ങൾ കാണും, ഉത്തരമില്ലാത്തവ"!!  "അപ്പോൾ ഇതു വരെ പരിചയിച്ചവരിൽ നിന്നും  എനിക്ക് എന്തോ പ്രത്യേകത ഉണ്ടെന്നല്ലേ"?! അവൻ കണ്ണിറുക്കി.  "എന്നു ഞാൻ പറഞ്ഞില്ല"!!അവൾ ചിരിച്ചു.  "ഉം...പക്ഷെ,എന്താണെന്ന് അറിയില്ല, ആദ്യം മുതൽ ഞാൻ ശ്രദ്ധിക്കുന്ന ഒരു കാര്യം ഉണ്ട്"..!!അവൻ അവളെ നോക്കി ആലോചനയോടെ പറഞ്ഞു.  "എന്തേ"?!!  "തന്നെ മനസിലാക്കാൻ എന്തോ,  വലിയ ബുദ്ധിമുട്ടാണ്".!!അവൻ ഒരു നിരാശ ഭാവം മുഖത്തു വരുത്തി.  "പൂർണ്ണമായി മനസിലാക്കി കഴിഞ്ഞാൽ പരസ്പരമുള്ള ആകാംക്ഷകളും കൗതുകങ്ങളും എല്ലാം തീരും എന്നാണല്ലോ"?!  അവൾ ഗൂഢമായി ചിരിച്ചു.  "അത് ആയിരിക്കാം..പക്ഷെ..എനിക്കൊരു അഹങ്കാരം ഉണ്ടായിരുന്നു" !!അവ...

നിനക്കുള്ള കത്തുകൾ 9

അതേ, ഞാൻ തനിച്ചാണ്.. അവസാന അതിരും കെട്ടഴിഞ്ഞു മാഞ്ഞുപോയ വർത്തമാനനേരങ്ങളിൽ.. നനഞ്ഞു കുതിർന്ന പുലരികളിൽ അലിഞ്ഞമർന്ന ആലിംഗനത്തിന്റെ അടയാളങ്ങളിൽ.. കാണട്ടെ നിന്നെയെന്നു കൗതുകം പൂണ്ട നഗ്നനേരങ്ങളുടെ നക്ഷത്ര രാവുകളിൽ.. ഉരുകിയൊലിച്ച തപ്ത നിശ്വാസങ്ങളുടെ  വേലിയേറ്റങ്ങളിൽ.. അവസാനതുള്ളിയുമെന്നപോൽ കോർത്തുപിണഞ്ഞ ചുംബനകളുടെ ശ്വാസം മുട്ടിയ പിടച്ചിലിൽ.. വിരൽത്തുമ്പിനാൽ ഉടലിൽ കളം വരച്ചിറങ്ങുന്ന തേടലുകൾക്കാവസാനം തളർന്നടിയുന്ന മയക്കങ്ങളിൽ.. ചൂടെന്നും തണുപ്പെന്നും മാറി മാറി പുതപ്പിച്ച പകലിരവുകളിൽ.. അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത നാമെന്ന നേരങ്ങളുടെ ഓർമ്മകൾക്കൊപ്പം ഞാൻ തനിച്ചാണ്.

നിനക്കുള്ള കത്തുകൾ 8

ഇനിയെത്ര നാളുകൾ എന്ന് അറിയില്ല. ഞാൻ ഈ നാളുകളുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. കാത്തിരിപ്പിന്റെ ഓരോ ഇടവേളകളിലും മഴയും പെയ്തു തുടങ്ങിയിരിക്കുന്നു..  വേനലിന്റെ ചൂട് പിടിച്ച മേനിയിലാകെ ഇടക്കിടക്ക് തണുപ്പ് പടർത്തി  എന്നിലേക്കും പെയ്തിറങ്ങുന്നുണ്ട് ഓരോ തുള്ളികളും.. ചാറ്റൽ വീണുപരന്ന വരാന്തയിൽ  ഇരുന്ന്, കണ്ടു പിരിഞ്ഞ അവസാന ദിനത്തിലെ വരികളോരോന്നും ഞാൻ വീണ്ടും വീണ്ടും എണ്ണിയെടുക്കാറുണ്ട്..  ഇത്ര വിശാലമായൊരു ആകാശം,ഒരിക്കലും അവസാനിക്കാത്തത് പോലെ നമുക്കിടയിൽ പടർന്നു കിടക്കുന്നുണ്ട് എന്ന ഓർമ്മ എന്നെ ഇടയ്ക്കിടക്ക് അലോസരപ്പെടുത്തുന്നു.. അന്നൊരു വരി എഴുതിയേല്പിച്ച ബുക്കിലെ ഓരോ അധ്യായങ്ങളിലും നിറഞ്ഞു പെയ്യുന്ന പ്രണയത്തിന്റെ ഗന്ധം നിന്നെ തന്നെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.. നിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ നിനക്ക് വേണ്ടി എന്നോട് പറയുന്ന വാക്കുകളായി മാത്രം ഞാൻ അത് വീണ്ടും വീണ്ടും വായിക്കുന്നു.. നിന്നെ കേൾക്കുന്നു.. നീയില്ലായ്മ മാത്രമാണ് കടന്നു പോകുന്ന ഈ ദിനങ്ങളിൽ എന്റെ വിരസത..!

നിനക്കുള്ള കത്തുകൾ 7

ഇവിടെ , ഈ ഏകാന്തമായ തണുത്ത നിശബ്ദതയിൽ എന്നെ ഒളിപ്പിച്ചിട്ടു  ഏതു ദൂരത്തിലാണ് നീ പോയത്?! അപ്രതീക്ഷിതമായൊരു ദിനത്തിൽ, എന്റെ അലസമായ ഇടനേരങ്ങളിൽ , അനുവാദങ്ങൾക്കു കാത്തു നിൽക്കാതെ  നീ വന്നു ചേരുന്ന നിമിഷങ്ങളുണ്ട്.. അതിന്റെ മാത്രം ഓർമയിലാണ് ഞാനിപ്പോൾ എന്നെ നട്ടു വളർത്തുന്നത്. നിന്റെ ഓരോ വരവുകളിലും എന്റെ ഹൃദയമിടിപ്പുകളുടെ താളം തെറ്റിച്ചു കൊണ്ട് നീ ഒരു കാലത്തെയാണ് സൃഷ്ടിക്കുന്നത്, നാം മാത്രമെന്ന ഒരു കാലത്തെ.!! എന്റെ ശ്വാസത്തിലും നീ നിറയുന്ന നേരങ്ങൾ..! നീ നിന്റെ ഓരോ അണുവിലും എന്നെ ചേർത്തു വായിക്കുന്ന നേരങ്ങൾ..!! നാം മാത്രമാകുന്ന കാലങ്ങൾ..!! ഇന്നലെ, ഈ നേരങ്ങളിൽ എപ്പോഴോ ആണെന്നു തോന്നുന്നു നിന്റെ മുറുകിയ കരങ്ങളിൽ ഞാൻ എന്നെ കൊരുത്തിട്ടത്..! അപ്പോഴൊക്കെ, ഞാൻ എന്നു മാത്രമുള്ള നിന്റെ മിടിപ്പുകളിലും ഞാൻ തേടുന്നൊരു ആകാശം ഉണ്ട്.. നമുക്ക് മേലെ , വിടർന്നു നിവരുന്ന , പെയ്തു തോരുന്ന ആകാശം..! ഇപ്പോഴും നിന്റെ ഉടലിന്റെ ചൂടിലാണ് ഞാൻ ഉരുകുന്നത്. ഒരു പുതുമഴക്കും നൽകാൻ കഴിയാത്ത തണുപ്പ് മുഴുവൻ നിന്നോടൊപ്പം നീയെടുത്തു കൊണ്ടു പോയിരിക്കുന്നു..! ഇനിയുമൊരു അപ്രതീക്ഷിത നേരത്തെ വരവിലേക്കായി ഞാൻ ഈ മുറുകിയ നിശ്വാസങ്...

തിരുമുറിവ്

മുറിവുകളിൽ നീരിറ്റിച്ചു നൽകുന്ന നേരങ്ങളിൽ മാത്രം, വേദന അവളെ നിശ്ശബ്ദയാക്കും.. ആ നേരങ്ങളിൽ വാക്കുകൾ അവളിൽ നിന്നൊഴിഞ്ഞു മാറാറുണ്ടത്രേ.. എന്നെന്നേയ്ക്കുമായി എന്ന തോന്നൽ മാത്രം ബാക്കി ആകുമെങ്കിലും, നിമിഷങ്ങളുടെ ഇടവേളയിൽ അവൾക്കത് വീണ്ടും കണ്ടെത്താനാവും. കാരണം എഴുതുന്നവൾ എന്ന് സ്വയം അഹങ്കരിക്കുന്ന ഒരുവൾക്ക് വേദനയിൽ ഒരളവുവരെ വരെ നിശബ്ദ ആയിരിക്കാൻ കഴിയില്ല. വേദനയുരുക്കി ഒഴിച്ച അച്ചുകളിൽ വാക്കുകൾ നിരത്തേണ്ടതുള്ളത് കൊണ്ടാകാം, മുറിവുകളിൽ അവൾ നിർത്താതെ നീരൊഴിച്ചു കൊണ്ടിരിക്കുന്നത്.. എഴുതുന്ന ഒരുവൾ എപ്പോഴും മുറിവുകൾ ചോദിച്ചു വാങ്ങുമോ എന്ന് ചോദിക്കരുത്.. എങ്കിലും, മുറിവുകളിൽ മാത്രമായിരിക്കാം അങ്ങനെ ഒരുവൾക്ക് സ്വയം കണ്ടെത്താൻ കഴിയുന്നത്.. വേദനയിൽ മാത്രമാകാം അവളുടെ ആത്മാവിൽ വാക്കുകൾ പുനർജ്ജനിക്കുന്നത്.. കാരണം, അവളെ നിശ്ശബ്ദയാക്കാൻ ചില മുറിവുകൾക്ക് മാത്രമേ സാധിക്കൂ.. അവിടെയെല്ലാം, അവൾ വാക്കുകളിലൂടെ മാത്രം സ്വയം തളിർക്കാറുമുണ്ട്..

അവരിടങ്ങൾ 19

കുറെയധികം താമസിച്ചാണ് അവൾ ഉണർന്നത്. കണ്ണു തുറന്നു പുറത്തേക്ക് നോക്കി വെറുതെ കിടന്നു. വെയിൽ തിളങ്ങി തുടങ്ങിയിരുന്നു. അങ്ങനെ തന്നെ കുറെ നേരം കൂടി കിടക്കാൻ അവൾക്ക് തോന്നി.ഇങ്ങനെ, ഒന്നും ചെയ്യാനില്ലാത്ത സ്വാതന്ത്രമായൊരു ദിവസത്തിന്റെ ഭംഗി കുറെ കാലത്തിനു ശേഷമാണ് ആസ്വദിക്കുന്നത്. ബാൽക്കണിയിൽ നിന്നിരുന്ന പല ബോഗൻ വില്ല ചെടികളിൽ പല നിറത്തിലുള്ള പൂവുകൾ വിടർന്നിരുന്നു. അടുത്ത പ്രാവശ്യം നാട്ടിൽ പോയി വരുമ്പോൾ കുറച്ചു മുല്ലവള്ളികൾ കൊണ്ടു വരണം എന്നു അവൾ മനസ്സിലോർത്തു. നിലാരാത്രികളിൽ വീടിന്റെ ജനലഴികളിൽ പിടിച്ചു കയറിയ മുല്ലവള്ളികളിലെ വെള്ളനിറത്തിലുള്ള സുഗന്ധം അവൾക്ക് അപ്പോഴും അനുഭവപ്പെട്ടു.അവളൊരു ഉന്മേഷത്തോടെ കട്ടിലിൽ നിന്നെഴുന്നേറ്റു. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞതും അവൾ അടുക്കളയിൽ കടന്ന് കോഫി വച്ചു. പത്രത്താളുകളിൽ വെറുതെ നോക്കി നിന്നപ്പോൾ ഫോണിൽ മെസ്സേജ് വന്ന സൗണ്ട് കേട്ടു. കോഫി ഗ്ലാസ്സിൽ പകർന്നുകൊണ്ടു അവൾ പത്രവും ഫോണും എടുത്തു ബാൽക്കണിയിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു. ഫോൺ ഓപ്പൺ ചെയ്തു നോക്കി.അവന്റെ മെസ്സേജ് ആണ്.ഒരു ചെറു ചിരിയോടെ അവൾ അത് ഓപ്പൺ ചെയ്തു. "ഗുഡ് മോർണിംഗ്, മാഡം  " അവൾ ഒരു ഗുഡ് മോർണിംഗ് തി...

അതുവരെ ഉണ്ടായിരുന്നത്

അതുവരെയുണ്ടായിരുന്ന എന്തിൽ നിന്നോക്കെയോ അപ്രതീക്ഷിതമായി ഇറങ്ങി പോരുന്ന വഴിയായിരുന്നു ഞാൻ. ആദ്യമായി ഒറ്റക്ക് ഇറങ്ങി തിരിച്ച യാത്രയും അത് മാത്രമായിരുന്നു. വളരെ അടുത്തൊരു നഗരത്തിലേക്ക് എന്നെ ക്ഷണിക്കുന്ന നീണ്ട റോഡുണ്ട് മുന്നിൽ. കൈയിൽ അതു വരെ ഉള്ള ജീവിതം വാരി കെട്ടിയ മൂന്നേ മൂന്ന് ബാഗുകളും. അത്രയും ചെറിയ ജീവിതമാണ് സ്വന്തമായി ഉണ്ടായിരുന്നത് എന്ന് ആ ബാഗുകൾ ഓർമിപ്പിച്ചു കൊണ്ടിരുന്നു.  അതേസമയം ,അവ ഭാരമില്ലായ്മ കൊണ്ട് ആശ്വസിപ്പിച്ചു കൊണ്ടുമിരുന്നു. എത്ര ദൂരം പോകണം എന്നതിനെ കുറിച്ചു അറിവില്ലെങ്കിലും  തിരഞ്ഞെടുക്കാൻ മറ്റൊന്നുമില്ല എന്ന  സാധ്യതക്ക് വഴി തെളിച്ചു ഞാൻ മുന്നേ നടന്നു.  ഭൂതകാലത്തിന്റെ ഇടുങ്ങിയ ശ്വാസം പേറിയൊരു ശവമഞ്ചം  എനിക്ക് പുറകിൽ വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ടു കിടന്നു.  അപ്പോൾ പെയ്തു തുടങ്ങിയ മഴയിൽ ഓർമകളുടെ മരവിപ്പ്  അലിഞ്ഞു തുടങ്ങിയിരുന്നു. പുറകിൽ മാഞ്ഞു തുടങ്ങിയ വഴിയിലേക്ക് അവ ഒലിച്ചു പൊയ്ക്കൊണ്ടിരുന്നു !!

നിനക്കുള്ള കത്തുകൾ 6

നീ എനിക്ക് നൽകുന്ന ചെറിയ ചെറിയ നിമിഷങ്ങളുടെ തണുപ്പ്   മാത്രമാണ് എന്റെ ഉള്ളുരുക്കങ്ങളുടെയെല്ലാം അവസാനം. എനിക്കിഷ്ടമെന്നു പറയുന്ന ഒരു പാട്ടിന്റെ വരി മൂളുന്നതോ, ഞാൻ വെറുതെ കുറിക്കുന്നതിലേതെങ്കിലും ഒന്നിന്റെ ഭംഗി വർണ്ണിക്കുന്നതോ, എന്റെ, കാട് കയറുന്ന ചിന്തകൾക്ക് കടിഞ്ഞാണിടുന്നൊരു വാക്ക് നൽകുന്നതോ, മഴ കാണാൻ കൊതിക്കുമ്പോൾ നിന്റെ ഇറയത്തേക്കിറക്കി നിർത്തുന്നതോ, തിരക്കേറിയ വഴിയിലെന്നെ ഒതുക്കി ചേർത്തു പിടിക്കുന്നതോ, ഉറങ്ങും വരെ ചിലപ്പോൾ കൂട്ടിരിക്കുന്നതോ,  ഉണരും വരെ നോക്കിയിരിക്കുന്നതോ, നിന്റെ പ്രണയസിനിമകളുടെ ശേഖരത്തിൽ നിന്നൊന്നു തെരഞ്ഞെടുത്തെനിക്കൊപ്പം കണ്ടിരിക്കുന്നതോ, ഈ പാട്ടു കേട്ടു നോക്കൂ ഇഷ്ടപ്പെടുമെന്നു പറഞ്ഞിടക്കെന്റെ നിശ്ശബ്ദതകളെ പിടിച്ചെടുത്തെറിയുന്നതോ, കടുപ്പത്തിലൊരു കാപ്പി കുടിക്കൊന്നുഷാറാകട്ടെയെന്ന്  ചിരി ചേർത്തിളക്കി നല്കുന്നതോ, നമുക്കിരുവർക്കുമിഷ്ടപ്പെട്ടൊരു പുസ്തകത്തിലെ വരികൾ എന്നെ വായിച്ചു കേൾപ്പിക്കുന്നതോ, ആകാശം നിറയെ നക്ഷത്രങ്ങൾ പൂക്കുന്ന രാത്രികളിൽ  അവയിലോരോന്നും ഏതെന്ന് പറഞ്ഞു തന്നുകൊണ്ട് തമ്മിൽ പുണർന്നിരിക്കുന്നതോ, എനിക്കറിയാത്തൊരു ഭാവത്താൽ വെറുതെ എന്...

നിനക്കുള്ള കത്തുകൾ 5

നാം തമ്മിൽ കണ്ട നാളുകൾ ഓർക്കുകയായിരുന്നു ഈ ദിവസങ്ങളിലെല്ലാം. നീ എന്നെ പ്രണയിക്കുന്നു എന്നറിഞ്ഞ നിമിഷം വളരെ മനോഹരമായിരുന്നു. അതിനു മുൻപ് നമുക്കിടയിൽ ആ തിരിച്ചറിവ് ഇല്ലായിരുന്നു. പക്ഷെ പ്രണയിക്കുകയാണെന്ന അറിവാണ് മനോഹരം, നമ്മൾ പരസ്പരം പറഞ്ഞില്ല എങ്കിലും. ആൾക്കൂട്ടങ്ങൾക്ക് ഇടയിൽ നീ പെട്ടെന്ന് എന്റെ കൈ കവരുന്നതും ചുറ്റും നിറയുന്ന കൂർത്തനോട്ടങ്ങൾ  അവഗണിച്ചെന്റെ ചുണ്ടിൽ ധൃതിയിൽ  ചുണ്ടുകൾ അമർത്തുന്നതുമെല്ലാം എന്നോട് പറയാതെ പറഞ്ഞത് മറ്റൊന്നും ആയിരുന്നില്ല. നാം തമ്മിൽ പ്രണയത്തിലാണെന്ന് ആയിരുന്നു. പ്രണയിക്കുകയാണെന്ന അറിവാണ് മനോഹരം,നമ്മൾ പരസ്പരം പറഞ്ഞില്ല എങ്കിലും. തണുത്ത രാത്രികളിൽ  നീ എന്നെ ചേർത്തു വരിഞ്ഞ് എന്റെ കഴുത്തിനു പിന്നിൽ നൽകിയിരുന്ന ചുംബനത്തിന്റെ ചൂടിനും ഒരു പാമ്പിനെപ്പോലെ എന്നെ ചുറ്റിപിണഞ്ഞ നിന്റെ കാലുകൾക്കും എന്നോട് പറയാനുണ്ടായിരുന്നത് അത് മാത്രം ആയിരുന്നു,  നാം തമ്മിൽ പ്രണയത്തിലാണെന്ന്. പ്രണയിക്കുകയാണെന്ന അറിവാണ് മനോഹരം,നമ്മൾ പരസ്പരം പറഞ്ഞില്ലയെങ്കിലും. കടലു പോലെ നീ എന്നിൽ നിറഞ്ഞു കവിയുന്ന നേരങ്ങളിലും തിര പോലെ ഞാൻ അലഞ്ഞടിയുന്ന നേരങ്ങളിലും നിന്റെ ചുമലുകളിൽ പതിയുന്ന ...

നിനക്കുള്ള കത്തുകൾ 4

ചില രാത്രിയുടെ അവസാനം ഞാൻ നിന്നെ അറിയാറുണ്ട്.  ഓർമകളാ ണെന്ന് പറയാമോ എന്ന് എനിക്കറിയില്ല. പക്ഷെ, അതെന്നെ ചിലപ്പോൾ വല്ലാതെ തകർത്തു കളയും.  ഒരിക്കലും നീയില്ലായ്മയുടെ വേദന കൊണ്ടല്ല ഞാൻ അങ്ങനെ തകർന്നു പോകുന്നത്. ഇതു പോലെ പ്രണയിക്കപ്പെടാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. പക്ഷെ, എന്റെ മുറ്റത്തെ നാം നട്ടു വളർത്തിയ ഉദ്യാനത്തിന്റെ നടുക്ക് നിന്നോട് ചേർന്നു കിടന്നപ്പോഴൊക്കെ ഇതായിരുന്നു ഞാൻ കാലങ്ങളായി കാത്തിരുന്ന നിമിഷം എന്ന് എനിക്ക് തോന്നിയിരുന്നു. നിന്റെ കൈകളുടെ ഭാരത്തിനുള്ളിൽ  പൊതിഞ്ഞു കിടക്കുമ്പോൾ നമ്മുടെ പാദങ്ങൾ തമ്മിൽ ഒട്ടിച്ചേർന്നിരുന്നു. നിന്റെ കാൽവിരലുകൾ എന്റെ വിരലുകളിൽ നീ ഇടക്കിടക്ക് കോർത്തു വലിച്ചു. ഞാൻ ഇക്കിളിപ്പെട്ട് ചിരിക്കുമ്പോഴൊക്കെ എന്റെ  ചുണ്ടുകൾ ചുംബനത്താൽ നീ പൂട്ടി വച്ചു. അനന്ദമെന്നാൽ ആ നിമിഷങ്ങളാണെന്ന് അപ്പോഴെല്ലാം ഞാൻ ഓർക്കുന്നുണ്ടായിരുന്നു. മറ്റൊന്നുമില്ല.. മറ്റാരുമില്ല.. വിലമതിക്കാനാവത്തത് എന്നൊന്നും ഇല്ല.. ഞാനും നീയും മാത്രം. മുറ്റത്തെ ഗാഢമായ ഇരുട്ടിലും , മുറിയിലെ നിശ്ശബ്ദതയിലും, നാം മാത്രം നിറയുന്ന നേരങ്ങൾ. നീയാണെന്റെ വീട്. എന്നിലേക്...

നിനക്കുള്ള കത്തുകൾ 3

പതിവില്ലാത്തൊരു സ്വപ്നത്തിന്റെ പടിവാതിൽക്കൽ നിന്നു തെന്നി വീണത് പോലെയാണ് ഞാൻ ഇന്നുണർന്നത്. സ്വപ്നത്തിൽ, നമ്മളൊരു ദീർഘ യാത്രയുടെ അവസാന ഘട്ടത്തിൽ എത്തിയിരുന്നു. മേഘങ്ങൾ തൊട്ടു നിൽക്കുന്നൊരു താഴ്‌വരയിൽ വിരലുകൾ കോർത്തു നാം ഒരുപാട് ദൂരം നടന്നു.  ഇടക്കെപ്പോഴോ നീയെന്റെ മടിയിൽ അല്പനേരം തലവച്ചു കിടന്നു. അപ്പോൾ ഊർന്നു വീണ ഒരു മഞ്ഞു തുള്ളിയുടെ തണുപ്പ് കൊണ്ട് ഞാൻ നിന്നെ ശല്യപ്പെടുത്തി കൊണ്ടിരുന്നു.  നമുക്ക് ചുറ്റും വഴികൾ അവസാനിക്കാതെ നീണ്ടു നീണ്ടു കിടന്നു. വിശപ്പോ ദാഹമോ അറിയാതെ നാം പരസ്പരം നിറഞ്ഞു കവിഞ്ഞൊഴുകുന്നത് പോലെയാണ് ഞാൻ എന്റെ സ്വപ്‍നത്തിൽ നമ്മളെ കണ്ടത്. ഇടക്കൊരു അരുവിയുടെ തീരത്ത് നമ്മൾ ചേർന്നു നിന്നു. മറുകര കാണാത്ത വിധം മഞ്ഞു മൂടി കിടന്നു. ചെറുതായി വീശിയൊരു കാറ്റിൽ മഞ്ഞ്‌ മാഞ്ഞപ്പോൾ നമ്മൾ ഇരുകരയിൽ നിൽക്കുന്നു. അടുത്തേക്ക് എത്താൻ വഴി ഇല്ലാതെ നമ്മൾ വെറുതെ പരസ്പരം നോക്കി നിന്നു.  നിന്റെ നോട്ടമേറ്റ്‌ നിന്നങ്ങനെ ഞാൻ പതിയെ മാഞ്ഞു പോയി..!!

നിനക്കുള്ള കത്തുകൾ 2

തോരാതെ പെയ്ത മഴയായിരുന്നു ഇന്നും. നിശബ്ദമായ അലസതയോടെ അഴിഞ്ഞുലഞ്ഞു കിടക്കുമ്പോൾ നമുക്കൊപ്പം പെയ്ത മഴ ഓർമകളോടൊപ്പം കുത്തിയൊലിക്കുന്നുണ്ടായിരുന്നു.  നമുക്കിടയിൽ ആദ്യമായി പെയ്തിറങ്ങിയ മഴയ്ക്ക് വരണ്ടു കിടന്ന ഭൂമി നനഞ്ഞ മണമായിരുന്നു. നമ്മെ പോലെ തന്നെ അന്ന് മണ്ണും മരങ്ങളും കുളിർപ്പെയ്ത്തിൽ മധുരിച്ചു നിന്നിരുന്നു.  നീരാവി വീണ പോൽ മങ്ങിയ ജനൽചില്ലിൽ നീ രൂപമില്ലാത്ത ചിത്രങ്ങൾ ഇടക്കിടക്ക് കോറിയിട്ടിരുന്നു. ആദ്യ സാമീപ്യത്തിന്റെ വാക്കുകളില്ലായ്മയിൽ ഞാൻ വെറുതെ മഴനൂലുകളെ ഇഴപിരിച്ചു നോക്കികൊണ്ടുമിരുന്നു.  വരണ്ട തൊണ്ടയിൽ നിന്നെന്നവണ്ണം ഇടക്കിടെയുള്ള സംസാരങ്ങളിൽ വിറയിൽ വീണ് ചിതറാതിരിക്കാൻ നാമിടയ്ക്കിടെ കണ്ണിൽ നോക്കാതെ ചിരിച്ചു.  അവിചാരിതമായൊരു നിമിഷത്തിന്റെ മൂർധന്യത്തിൽ മുഖത്തേക്കുതിർന്നൊരു മുടിയിഴയെ  സൂക്ഷമായി ഒതുക്കി വയ്ക്കാൻ നീ കൈനീട്ടിയപ്പോൾ എന്റെ ചുറ്റും മഴയൊന്നു നിശ്ചലമായി.  തണുത്തിട്ടെന്നവണ്ണം എന്റെ കൈവിരലുകൾ ഉറഞ്ഞ്‌ പോയി. നീയത് തൊട്ടറിഞ്ഞിട്ടെന്നവണ്ണം പെട്ടെന്ന് കൈകൾ പിൻവലിക്കുകയും ചെയ്തിരുന്നു.  പിന്നെ പലപ്പോഴും നമുക്കത് പറഞ്ഞു ചിരിക്കാനുള്ള ഓർമകളായിരുന്നു. പിന്...

നിനക്കുള്ള കത്തുകൾ 1

എനിക്ക് നീ എഴുതാത്ത കത്തുകളെക്കാൾ, നമുക്കിടയിൽ പൂക്കുന്ന പ്രണയ വസന്തങ്ങളുടെ ഓർമകളെയാണ് ഞാൻ ഇടയ്ക്കിടക്ക് തുറന്നു വായിക്കുന്നത്.  ഓരോ വരികളിലും, നിന്റെ വാക്കിനാലും നോക്കിനാലും പതിഞ്ഞു പോയ പ്രണയത്തിന്റെ മത്തു പിടിപ്പിക്കുന്ന സുഗന്ധനിമിഷങ്ങൾ ആണത്. നിന്റെ വിരലുകളാൽ തിണർത്ത  അടയാളങ്ങളെ   അടർന്നു വീണ ഇതളുകൾ പോലിടയ്ക്കിടക്ക് ഞാനെന്റെ വിരസനേരങ്ങളിൽ എണ്ണി നോക്കാറുണ്ട്.  അവസാനം നാം കണ്ട സന്ധ്യയുടെ പടിവാതിലിൽ നിന്നിനി നീയെത്തുന്ന നേരത്തെക്കുള്ള ദൂരത്തെ അളന്നു വയ്ക്കുകയാണെപ്പോഴും ഞാൻ,  നീ തൊട്ടു പൂക്കാൻ ഒരുങ്ങുന്നൊരു കടമ്പു മരം പോലെ..

അവരിടങ്ങൾ 18

ആകാശത്തിന്റെ ഹൃദയം തകർന്നത് പോലെ പെയ്യുന്ന മഴയിൽ, ആലോചനകളിൽ മുഴുകി, നഗരത്തിൽ കൂടി അലസമായി നടക്കുമ്പോഴാണ് ശൂന്യതയിൽ നിന്നെന്നവണ്ണം ഓടി വന്നവൻ അവളുടെ കുടയിൽ കയറിയത്.അപ്രതീക്ഷിതമായൊരുവൻ ആക്രമിക്കാൻ വന്നപോലെ അവൾ ആദ്യം ഞെട്ടിപ്പോയി. കുടയോടൊപ്പം ചുമലിൽ കൈയിട്ട് ചേർത്തുപിടിച്ചപ്പോൾ ആണ്, അവൾ അവന്റെ മുഖം കണ്ടത്.ഞെട്ടൽ അത്ഭുതത്തിനും ആശ്ചര്യത്തിനും വഴി മാറി. അവൾ അവിടെ തന്നെ നിന്നു. അവൻ അവളെ ഉന്തിതള്ളി മുന്നോട്ട് നടത്തി. "നീയിതിപ്പോൾ എവിടുന്ന് പൊട്ടി മുളച്ചു?! അവൾ നടത്തിനൊപ്പം അവനോട് ചോദിച്ചു. "ഏതു മണ്ണിനടിയിൽ ഒളിച്ചാലും മഴ വന്നു വിളിച്ചാൽ പോരാതിരിക്കാൻ പറ്റില്ലല്ലോ." "പെരുമഴയത്ത്, പെരുവഴിയിൽ നിന്നു കേൾക്കാൻ പറ്റിയ സാഹിത്യം. ആഹാ.." അവൾ പരിഹസിച്ചു. " നിന്റെ കൂടെ ഉള്ള സഹവാസം ആയിരുന്നില്ലേ കുറേക്കാലം. അതിന്റെ എന്തെങ്കിലും ഒന്നു കിട്ടാതിരിക്കുമോ?! അവളുടെ ചുമലിൽ നിന്നു കൈയെടുത്ത് അവൻ അവളുടെ തലയിൽ ഒന്നു കൊട്ടി.അവൾ വേദനിച്ചിട്ടെന്നവണ്ണം മുഖം ചുളിച്ചു. എന്നിട്ട് വീണ്ടും ചോദ്യഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി. "ഹാ..നീ ഒന്ന് അടങ്ങ് പെണ്ണെ.എല്ലാം വിശദമായി തന്നെ പറയുന്...

അവരിടങ്ങൾ 17

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അയാളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മാറ്റം അവൾക്ക് അനുഭവപ്പെട്ടു. അവൾ അയാളെ നോക്കി ചിരിച്ചു.  "എന്തേ? അയാൾ തിരക്കി. "ഏയ്..എന്തോ, ഒരു പ്രത്യേകത തോന്നി ഇന്ന് താങ്കൾക്ക്"  "ഞാൻ ഏറ്റവും ആഗ്രഹിച്ച നിമിഷങ്ങൾ ആണിത്. ചിലപ്പോൾ അതു കൊണ്ടായിരിക്കും" അയാൾ കണ്ണിറുക്കി ചിരിച്ചു കൊണ്ട്  മറുപടി നൽകി. അവൾ ഇടതു കൈകൊണ്ട് മുടി ഒതുക്കി അയാളെ ഒന്നു പാളി നോക്കി.അവളുടെ കൈകളിലെ വളകൾ കിലുങ്ങി. അയാൾ പെട്ടെന്ന് ഓർത്തത് പോലെ എഴുന്നേറ്റു പോയി അയാളുടെ ബാഗ് എടുത്തു. അവൾ ആകാംക്ഷയോടെ അയാളെ നോക്കി. അയാൾ ബാഗിൽ നിന്നൊരു വൈൻ ബോട്ടിൽ എടുത്തു കൊണ്ട് അവളെ നോക്കി. "ഞാൻ ഇത് മറന്നു പോയി. കഴിഞ്ഞ തവണ യാത്രപോയപ്പോൾ വാങ്ങിയത് ആണ്.ഇതുവരെ ഇതു തുറക്കണം എന്ന് തോന്നിയില്ല" അയാൾ പറഞ്ഞു കൊണ്ട് അവൾക്കരികിൽ വന്നിരുന്നു. "താൻ കഴിക്കുമല്ലോ അല്ലെ?! അയാൾ അവളോട് ചോദിച്ചു.  "ഇപ്പോൾ വേറെ ആരും ഇല്ലല്ലോ കമ്പനി തരാൻ."അവൾ ചിരിച്ചു.  "എനിക്ക് കമ്പനി തരാൻ വേണ്ടി കഴിക്കണം എന്നില്ല" അയാൾ പറഞ്ഞത് കേട്ട് അവൾ ചിരിച്ചു.  " ഞാൻ വൈൻ കഴിക്കാറുണ്ട്" അയാൾ ഗ്ലാസ്...

അവരിടങ്ങൾ 16

അവസാനമി ല്ലാത്ത ഉയരത്തിൽ എന്നപോലെ തലയുയർത്തി നിൽക്കുന്ന മലമുകളിലേക്ക് അവൾ ഓടിക്കയറി. പതിയെ പോകാൻ പിറകിൽ നിന്ന് അവൻ വിളിച്ചു പറയുന്നത് അവൾ കേട്ടില്ല. കുത്തനെ ഉള്ള വഴികളിൽ മൂടൽ മഞ്ഞിന്റെ നേർത്ത മറ വീണു കിടക്കുന്നു. മുന്നോട്ട് ചെല്ലുന്തോറും മഞ്ഞിൽ മാഞ്ഞുപോയ വഴി തനിയെ തെളിയുന്നു. മഞ്ഞിനൊപ്പം വീശുന്ന തണുത്ത കാറ്റ് അവളെ നിരന്തരം തഴുകി കൊണ്ടിരുന്നു. ഏറ്റവും മുകളിൽ എത്തിയ ശേഷം അവൾ തിരിഞ്ഞ് അവനെ നോക്കി ഉറക്കെ വിളിച്ചു. അവൻ കിതച്ചു കൊണ്ട് താഴെ നിന്നു കൈ വീശി കാണിച്ചു. അവൻ പതിയെ കയറി വരുന്നതും നോക്കി അവൾ അവിടെ നിന്നു. അവളുടെ അടുത്തെത്തി അവൻ നടുവിന് കൈ കൊടുത്തു നിന്നു കിതച്ചു. അത് കണ്ട് അവൾ ചിരിച്ചു.  "ഇത്ര ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതിയില്ല ഇവിടെ വരെ എത്താൻ" അവൾ നീട്ടിയ കൈ പിടിച്ച് അവൾ നിൽക്കുന്നിടത്തേക്ക് കയറുമ്പോൾ അവൻ പരാതി പോലെ പറഞ്ഞു. "ഒന്നും ചിന്തിക്കാതെ എന്റെ കൂടെ വരാം എന്ന് പറഞ്ഞപ്പോൾ അതൊക്കെ ചിന്തിക്കണമായിരുന്നു" അവൾ കളിയാക്കി കൊണ്ട് മുന്നോട്ട് നടന്നു. "തന്റെ കൂടെ ആയത് കൊണ്ട് മാത്രമാണ് ഇറങ്ങി തിരിച്ചത്" അവൻ കിതപ്പ് അവസാനിക്കാതെ പറഞ്ഞു.അവൾ വീണ്ടും ചിരിച്ചു.  ...

മണൽക്കാട്

ഇടറി വീഴാതിരിക്കാൻ ഹൃദയം കൊരുത്തിട്ടതൊക്കെ  മൂർച്ചയേറിയതെന്തിലോ ആയിരുന്നു. പൊടിഞ്ഞൊഴുകിയ വേദനകളെ ചേർത്തുനിർത്തലെന്നു കരുതി പുണർന്നു കൊണ്ടിരുന്നു. വരിഞ്ഞു മുറുകിയതൊക്കെ കല്പനികമായതെന്തോ എന്ന് ഇടറിചിരിച്ചു. ഇരുണ്ട ഇടനാഴികളിൽ ഒഴുക്കിത്തീർത്ത വേദനകളൊക്കെ ഒരു വിഡ്ഢിയുടെ വിലാപം എന്നു പരിഹസിച്ചു. ഉള്ളുരുക്കിയതൊക്കെ തൊണ്ടക്കുഴിയിൽ തടഞ്ഞൊരു കത്തി സദാ കൂടെ കൂട്ടി. ഇടക്കിടെ, മുറിഞ്ഞ് മുറിഞ്ഞ് കൂടി ചേർന്നു. ഉരഞ്ഞു പൊട്ടിയ തോൽപ്പുറങ്ങൾ  വിരലമർത്തി ഒട്ടിച്ചൊതുക്കി. പാഞ്ഞടുത്ത കടൽക്ഷോഭങ്ങളെ  ചിരിച്ചകറ്റി. പൊള്ളിവരണ്ട മണൽകാറ്റിൽ മുഖമമർത്തി. മറുചോദ്യങ്ങൾക്കിടമില്ലാത്ത മരുഭൂമിയായതിനാൽ  ശ്മശാനം എന്നൊരു ചൂണ്ടുപലക നാട്ടി. ഇതിൽക്കൂടുതൽ ഇനിയെന്തെന്നൊരു ചോദ്യത്തിന്റെ ചൂടടിച്ച്, അവസാന ആണിയുമമർത്തി.

അവരിടങ്ങൾ 15

നനഞ്ഞു കിടന്ന രാത്രിയുടെ വിജനതയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു അവൾ, കുറെയേറെ അഴിഞ്ഞ ചിന്തകളുമായി. മുന്നിൽ നിന്നു വന്ന കാറിൽ നിന്നൊരു ചെറുപ്പക്കാരൻ അവളെ നോക്കി ചിരിച്ചു "ഫ്രീയാണോ?  അവൾ മനസിലാകാതെ അയാളെ നോക്കി.അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു നിന്നു. "ഫ്രീയാണെങ്കിൽ കയറിക്കോ" അയാൾ പറഞ്ഞത് എന്താണെന്ന് മനസിലായപ്പോൾ അവൾ സ്വയം ഒന്നു നോക്കി. തലയ്ക്കുള്ളിൽ ഒരു വെളിച്ചം മിന്നിയത് പോലെ പിന്നെയവൾ ചുറ്റുപാടും നോക്കി. ഇരുണ്ട മൂലകളിൽ നിന്നു കടും ചായങ്ങൾ അണിഞ്ഞ മുഖങ്ങൾ എത്തി നോക്കുന്നു.അവജ്ഞയോടെ പിറുപിറുക്കുന്നു. അയാൾക്ക് നേരെ ശബ്ദമുയർത്തി വാഗ്ദാനങ്ങൾ നീട്ടുന്നു. താൻ ഏറെനേരമായി നഗരത്തിലെ ഒഴിഞ്ഞ ആ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു എന്നു അവൾ പതിയെ ഓർത്തെടുത്തു. അരികിലിരുന്ന ചെറിയ ബാഗ് കൈയിലെടുത്ത് അവൾ എഴുന്നേറ്റു. ചെറുപ്പക്കാരൻ ആവേശത്തോടെ കാർ സ്റ്റാർട്ട് ചെയ്തു. അവൾ വെയ്റ്റിംഗ് ഷെഡിൽ നിന്നിറങ്ങി എങ്ങോട്ട് പോകണം എന്നില്ലാത്ത പോലെ ഒരു നിമിഷം നിന്നു. പിന്നെ ഡോർ തുറന്നു പിടിച്ചു അവളെ കാത്തു നിൽക്കുന്ന ചെറുപ്പക്കാരനെ ഒന്നു നോക്കി. എന്തോക്കെയൊ കാരണങ്ങളാൽ കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാ...