ഇന്നലെ , ഇളംചുവപ്പ് നിറത്തിൽ, നുറുങ്ങു വെളിച്ചമുള്ള ആ നിശബ്ദതയിൽ, എന്റെ മാത്രം വിചാരങ്ങളിൽ നിറഞ്ഞ് നിറഞ്ഞ്, ഒറ്റയെന്നൊരു ഭൂതലത്തിൽ, ഞാനങ്ങനെ ചിലവിടുകയായിരുന്നു ... വായിച്ചു പാതിയാക്കിയൊരു പുസ്തകത്തിന്റെ മറിഞ്ഞുപോയ താളുകളൊന്നിൽ , പേരറിയാത്തൊരു പുഴക്കരയിൽ-പ്രണയസ്മരണകളിൽ മുഴുകിയിരുന്നൊരു കാമുകിയുടെ നിശ്വാസങ്ങൾ ഉതിർന്നുകിടന്നിരുന്നു... ചില നിമിഷങ്ങൾ വഴിതെറ്റിയ നീയോർമകളായി ഇടക്കെപ്പോഴൊക്കെയോ വന്നു പോകുമ്പോൾ പ്രണയത്തിന്റെ കരിനീലപാടുകൾ അവശേഷിച്ചു കൊണ്ടേയിരുന്നു, തുടർച്ചയായി..!! തുടക്കമോ ഒടുക്കമോ ഇല്ലാത്ത ഓർമകളെ കണ്ണിചേർക്കുന്ന ഒറ്റപ്പെട്ട ചില നിമിഷങ്ങളുടെ ഒരു തുരുത്താണെനിക്ക് നീയെന്നും.. !! നിലയ്ക്കാത്തൊരു വസന്തം പരസ്പരം കണ്ടെടുത്തിട്ടില്ലാത്ത നമുക്കിടയിലെ ശൂന്യമായ നിശ്ശബ്ദതകളിൽ പ്രണയം നിസ്സഹായമായി പെയ്തു നിറയാറുണ്ട്, പലപ്പോഴും.. നീയെന്ന പേരിനെ ഞാൻ, പ്രണയം എന്ന് തിരുത്തി വായിക്കാറുമുണ്ട്.. !!